പാലക്കാട് : ക്രൈസ്തവ സഭകൾ തമ്മിലുള്ള ഐക്യം ഇല്ലായ്മ, സഭാ സമൂഹങ്ങൾ തമ്മിൽ ഭിന്നിപ്പ് ഇതെല്ലാം ക്രൈസ്തവരെ നാശത്തിലേയ്ക്ക് നയിക്കുമെന്നും അതിനാൽ ക്രൈസ്തവർ തമ്മിൽ തമ്മിൽ വിശാലാടിസ്ഥാനത്തിൽ ഐക്യത്തിൽ വരണമെന്നും അട്ടപ്പാടിയിൽ നിന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ ഫേസ്ബുക്കിലൂടെ നൽകിയ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ക്രൈസ്തവ ഐക്യം അനിവാര്യമായ ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ആയിരിക്കുന്നത് എന്നാണ് വട്ടായിലച്ചൻ തന്റെ സന്ദേശത്തിലൂടെ പറയുന്നത്. കുറച്ച് കാലം മുൻപ് വരെ സഭയിലുണ്ടായിരുന്ന ഐക്യമെല്ലാം ഇന്ന് നഷ്ടപ്പെട്ടതായും അച്ചൻ തന്റെ സന്ദേശത്തിലൂടെ സൂചിപ്പിക്കുന്നു.
ഇന്ന് നമ്മുടെ ഈ കേരളത്തിൽ ക്രൈസ്തവ സഭാ സമൂഹം അന്യം നിന്നുപോകുന്ന സാഹചര്യത്തിലേയ്ക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. ചില സംഘടിത ശക്തികൾ സഭാസമൂഹങ്ങളെ ചിതറിക്കാനും, സഭാ സമൂഹങ്ങളെ നിർമാർജനം ചെയ്യാനും, എണ്ണത്തിൽ കുറയ്ക്കാനും, സഭയുടെ ശക്തി ക്ഷയിപ്പിക്കാനും വേണ്ടി ഗൂഢമായ നീക്കങ്ങൾ പലവിധത്തിൽ നടത്തിവരുന്നു. ഇതിനായി ആന്റി എക്ലേസിയൽ മൂവ്മെൻറ്സ് ഇന്ന് ലോകത്തിൽ പ്രവർത്തന നിരതമാണ്. അതിനാൽ ഇനി ഒട്ടും വൈകാതെ വിശാലാടിസ്ഥാനത്തിൽ നമ്മുടെ അനാവശ്യമായ കാര്യങ്ങളെല്ലാം മാറ്റിവെച്ച് ക്രൈസ്തവ സഭകളുടെ ഐക്യം ലക്ഷ്യമാക്കി നീങ്ങണമെന്ന് സേവ്യർ ഖാൻ വട്ടായിലച്ചൻ വ്യക്തമാക്കി.
എത്രയും വേഗം ക്രൈസ്തവ സഭകളുടെ ഇടയിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള സുദൃഢമായ ഐക്യം സംജാതമാകണം. അതിനുവേണ്ടി എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കണമെന്നും പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുമ്പോൾ ക്രൈസ്തവ സമൂഹങ്ങളും സംഘടനകളും വിശ്വാസത്തിനുവേണ്ടി ഒരുമിച്ച് നിലകൊള്ളണമെന്നും, ഒരുമിച്ച് ശബ്ദമുയർത്തണമെന്നും, ഒരുമിച്ച് ഐക്യത്തിൽ മുന്നേറണമെന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ ആവശ്യപ്പെട്ടു.