കത്തോലിക്കാരല്ലാത്ത ക്രൈസ്തവർക്കും ദിവ്യകാരുണ്യം സ്വീകരിക്കാമോ?

0
248

വിശുദ്ധ കുർബാന സ്വീകരണം മിശിഹായുടെ ശരീരത്തിലെ ഐക്യത്തിന്റെ പ്രതീകമാണ്. കത്തോലിക്കാസഭയിൽ മാമ്മോദീസ സ്വീകരിച്ചവരാണ് കത്തോലിക്കാ സഭയിലെ അംഗങ്ങൾ. മാത്രമല്ല, അവർ സഭയുടെ വിശ്വാസത്തിൽ പങ്കുചേരുകയും സഭയുമായുള്ള ഐക്യത്തിൽ പങ്കുചേരുകയും വേണം. അതുകൊണ്ടുതന്നെ സഭയുടെ വിശ്വാസത്തിലും ജീവിതത്തിലും ഇതുവരെയും പങ്കുചേരാത്തവരെ ദിവ്യകാരുണ്യസ്വീകരണത്തിന് ക്ഷണിക്കുന്നത് ഒരു വൈരുദ്ധ്യമാണ്. വിശുദ്ധ കുർബാനയെന്ന അടയാളത്തിന്റെ വിശ്വാസ്യത അതു തകർക്കുകയും ചെയ്യും.

“അമർത്യതയുടെ ഔഷധം നൽകുകയും മരണത്തിന് മറുമരുന്നായിരിക്കുകയും ഈശോമിശിഹായിൽ നമ്മെ എന്നെന്നും ജീവിപ്പിക്കുകയും ചെയ്യുന്ന ഒറ്റ അപ്പമാണ് നാം മുറിക്കുന്നത്”.
– അന്തോഖ്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്

കത്തോലിക്കാസഭയോട് പൂർണമായി ഐക്യത്തിലല്ലാത്ത മറ്റു പൗരസ്ത്യസഭകളും ദിവ്യകാരുണ്യം ആഘോഷിക്കുന്നവരാണ്. ഈ സഭകൾ നമ്മിൽനിന്ന് വേർപെട്ടു നിൽക്കുന്നവയാണെങ്കിലും യഥാർത്ഥ കൂദാശകൾ ഉള്ളവയാണ്. സർവോപരി, അപ്പസ്തോലിക പിന്തുടർച്ചവഴി നമ്മോട് അവരെ ഇപ്പോഴും ഗാഢമായി ബന്ധിക്കുന്ന പൗരോഹിത്യവും ദിവ്യകാരുണ്യവും അവർക്കുണ്ട്. ഇക്കാരണങ്ങളാൽ അനുകൂല സാഹചര്യങ്ങളിൽ സഭാധികരികളുടെ അംഗീകാരത്തോടെ വിശുദ്ധവസ്തുക്കളിലുള്ള ഭാഗികസംസർഗം സാധ്യമാണെന്ന് മാത്രമല്ല, പ്രോത്സാഹനാർഹംകൂടിയാണ്. ഗൗരവപൂർണമായ അത്യാവശ്യമുള്ളപ്പോഴും കുർബാനയപ്പത്തിൽ ഈശോയുടെ യഥാർത്ഥ സാന്നിധ്യമുണ്ടെന്നു വിശ്വസിക്കുന്നതായി തെളിവുണ്ടായിരിക്കുമ്പോഴും അങ്ങനെയുള്ള ഒരു വ്യക്തിക്ക് പരിശുദ്ധ കുർബാന നൽകാം. മറ്റു വാക്കുകളിൽ പറഞ്ഞാൽ, കത്തോലിക്കാസഭയോട് പൂർണമായ ഐക്യമില്ലാത്ത മറ്റ് ക്രൈസ്തവർക്ക് ,മെത്രാന്റെ അഭിപ്രായത്തിൽ ഗൗരവമായ അത്യാവശ്യമുണ്ടായിരിക്കെ കുർബാന, കുമ്പസാരം, രോഗീലേപനം എന്നിവ അവർ സ്വമനസ്സാ ചോദിച്ചാൽ കത്തോലിക്കാ വൈദികൻ നൽകുന്നതിന് തടസ്സമില്ല. ഈ കൂദാശകൾ ആവശ്യപ്പെടുന്നവർ ഇവയെ സംബന്ധിച്ച കത്തോലിക്കാ വിശ്വാസം ഏറ്റുപറയുകയും അതു സ്വീകരിക്കാൻ തയ്യാറെടുക്കയും വേണം. ഓർത്തഡോക്‌സ് ക്രിസ്ത്യാനികളിൽപ്പെട്ട വ്യക്തികൾക്ക്, കത്തോലിക്കാലിറ്റർജിയിൽ ദിവ്യകരുണ്യസ്വീകരണത്തിന് അപേക്ഷിക്കാം. എന്തെന്നാൽ, അവർ കത്തോലിക്കാസഭയുമായി സമ്പൂർണ്ണ ഐക്യത്തിലായിട്ടില്ലെങ്കിലും അകത്തോലിക്കാസഭയ്ക്കുള്ള വിശുദ്ധ കുർബാനാപരമായ വിശ്വാസത്തിൽ പങ്കുചേരുന്നുണ്ട്.

“നാം സ്വീകരിക്കുന്നതെന്തോ അതായി രൂപന്തരപ്പെടുകയെന്നല്ലാതെ മിശിഹായുടെ ശരീരരക്തങ്ങളിലുള്ള പങ്കുചേരലിന് മറ്റൊരു ലക്ഷ്യവുമില്ല”.
– മഹാനായ വിശുദ്ധ ലേയോ മാർപ്പാപ്പ

വിശുദ്ധ കുർബാന അഥവാ കർത്താവിന്റെ അത്താഴം കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഒരുമിച്ച് ആഘോഷിക്കുകയെന്നത് എല്ലാ എക്വിമെനിക്കൽ പരിശ്രമങ്ങളുടെയും ലക്ഷ്യവും ആഗ്രഹവുമാണ്. എന്നാൽ ഒറ്റ വിശ്വാസത്തിലും ഒറ്റ സഭയിലും മിശിഹായുടെ ശരീരമെന്ന യാഥാർഥ്യം മുൻകൂട്ടി സുസ്ഥാപിതമാക്കാതെ പങ്കെടുപ്പിക്കുന്നത് അവിശ്വസ്തതയാണ്. അതുകൊണ്ട് അത് അനുവദിക്കപ്പെട്ടിട്ടില്ല. അവർ തിരുപ്പട്ട കൂദാശയുടെ അഭാവത്താൽ, ദിവ്യകാരുണ്യമെന്ന രഹസ്യത്തിന്റെ തനി യാഥാർഥ്യത്തെ അതിന്റെ പൂർണതയിൽ സംരക്ഷിച്ചിട്ടില്ല. ഇക്കാരണത്താലാണ് കത്തോലിക്കാസഭയ്ക്ക് ഈ സഭയുമായി ദിവ്യകാരുണ്യപരമായ ഐക്യം സാധ്യമല്ലാത്തത്. എങ്കിലും ഈ സഭാസമൂഹങ്ങൾ കർത്താവിന്റെ മരണത്തെയും ഉത്ഥാനത്തേയും വിശുദ്ധ അത്താഴത്തിൽ അനുസ്മരിക്കുമ്പോൾ മിശിഹായുമായി ഐക്യത്തിലുള്ള ജീവിതത്തെയാണ് അത് സൂചിപ്പിക്കുന്നതെന്ന് അവർ ഏറ്റു പറയുന്നുണ്ട്. മഹത്വത്തിലുള്ള അവിടുത്തെ ആഗമനം അവർ കാത്തിരിക്കുകയും ചെയ്യുന്നു. വിവിധ വിഭാഗങ്ങളിലുള്ള ക്രൈസ്തവർ ഒന്നിച്ചു പ്രാർത്ഥിക്കുന്ന മറ്റുള്ള എക്വിമെനിക്കൽ ലിറ്റർജികൾ നല്ലതാണ്. കത്തോലിക്കാസഭ ആഗ്രഹിക്കുന്നതുമാണ്.

Further reading:
CCC 1399-1401
YOUCAT 222
(Prepared by – Ann Mary Joseph)

LEAVE A REPLY

Please enter your comment!
Please enter your name here