അട്ടപ്പാടിയിൽ കർഷകരുടെ നിലവിളി ഉയിരുനു ….. നീതിക്കുവേണ്ടിയുള്ള നിലവിളി…

0
569

അട്ടപ്പാടി: കുടിയേറ്റ മേഖലയായ അട്ടപ്പാടിയിൽ കൃഷിഭൂമി കയ്യേറി ജണ്ടകെട്ടിത്തിരിച്ച് വനഭൂമിയാക്കാനുള്ള വനം വകുപ്പ് അധികൃതരുടെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭവുമായി കർഷകർ രംഗത്ത് വന്നിരിക്കുന്നു. അട്ടപ്പാടിയിലെ കുറുക്കൻകുണ്ട്, പാറവളവ്, ഷോളയൂർ, പുതൂർ, നെല്ലിപ്പതി തുടങ്ങിയ പ്രദേശങ്ങളിലാണ് കർഷകരുടെ ഭൂമി കയ്യേറി വനഭൂമിയാക്കി മാറ്റാൻ വനം വകുപ്പ് നടപടി തുടങ്ങിയിരിക്കുന്നത്. എന്നാൽ വനം വകുപ്പ് അവകാശവാദം ഉന്നയിക്കുന്ന ഭൂമി എല്ലാം കൃഷി ഭൂമിയാണെന്ന് റവന്യൂ രേഖയിലുണ്ട് എന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ 60 വർഷങ്ങളായി കർഷകർ കൃഷി ചെയ്തുവരുന്ന ഭൂമിയാണ് ഇപ്പോൾ വനഭൂമിയാണെന്ന അവകാശവാദവുമായി വനം വകുപ്പ് ഇറങ്ങിയിരിക്കുന്നത്. ഇതിനുമുൻപ് കൃഷി ഭൂമി പിടിച്ചെടുക്കാൻ വനം വകുപ്പ് ശ്രമം നടത്തിയപ്പോൾ കർഷകർ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി കർഷകർക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. 1977 ന് മുൻപുള്ള കുടിയേറ്റം എല്ലാം ഹൈക്കോടതി വിധിപ്രകാരം നിയമ വിധേയമാണ് എന്നിരിക്കെ ഇപ്പോൾ വനം വകുപ്പ് നടത്തുന്നത് ചില പ്രത്യേക ഗൂഢ ലക്ഷ്യങ്ങൾ വച്ചുള്ളതാണെന്ന് കർഷകർ പറയുന്നു.

പ്രകൃതിക്ഷോഭം, കാട്ടുമൃഗങ്ങളുടെ ശല്യം, വിളകൾക്ക് വിലയില്ലായ്മ എന്നിവമൂലം വർഷങ്ങളായി ദുരിതത്തിന്റെ കാണാക്കയത്തിൽ ജീവിക്കുന്ന ഒരു വിഭാഗമാണ് കേരളത്തിലെ കർഷകർ. ഇവരുടെ കണ്ണീരൊപ്പാനോ, ഇവർക്ക് താങ്ങും തണലുമാവാനോ ഇവിടുത്തെ മാറിമാറി വരുന്ന ഭരണ സംവിധാനങ്ങൾക്കൊന്നും ഈ കാലഘട്ടങ്ങളിൽ സാധിച്ചിട്ടില്ല. എന്നാലും കൃഷിയെ സ്നേഹിക്കുകയും, മണ്ണിനോട് മല്ലടിച്ച് ഈ ഭൂമിയിൽ തന്നെ ജീവിച്ച് മരിക്കാനും തയ്യാറായിട്ടുള കർഷകജനതയുടെ നെഞ്ചിലേക്കാണ് ഇപ്പോൾ വനം വകുപ്പ് കയ്യേറ്റവുമായി കടന്നുവന്നിരിക്കുന്നത്.

ഇത് വനം വകുപ്പിലെ ഏതാനും ചില ഉദ്യോഗസ്ഥരുടെ കള്ളക്കളിയാണെന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്നു. വനം വകുപ്പ് പറയുന്നത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇതെല്ലാം ചെയ്യുന്നത് എന്നാണ്. എന്തായാലും കർഷകരെ കുടിയിറക്കാനും കൃഷിഭൂമി കയ്യേറി ജണ്ട കെട്ടി വനഭൂമിയാക്കി മാറ്റാനുമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് അട്ടപ്പാടിയിലെ കർഷകർ.

എന്തിനാണ് കേരളത്തിൽ ഇങ്ങനെയൊരു വകുപ്പ് ?. കർഷകരെ കുടിയിറക്കാനും കൃഷി ഭൂമി കയ്യേറാനുമോ ?. അതോ പത്തനംതിട്ടയിലെ കർഷകൻ പൊന്നുമത്തായിയെ ഇല്ലായ്മ ചെയ്തതുപോലെ കർഷകരെ ഇല്ലായ്മ ചെയ്യുന്നതിനോ ?. സാധാരണ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് അവരെത്തന്നെ വേട്ടയാടുന്ന ഇത്തരം ഡിപ്പാർട്ടുമെന്റും അതിലെ ഉദ്യോഗസ്ഥരും ഈ നാടിന്റെ ശാപമായി മാറിയിരിക്കുന്നു. ഇനിയെങ്കിലും കർഷക ദ്രോഹത്തിൽ നിന്നും വനം വകുപ്പ് പിന്മാറണം. അല്ലെങ്കിൽ ശക്തമായ എതിർപ്പുകൾ കർഷകരിൽ നിന്നും നേരിടേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here