യഹൂദമതത്തില്‍ പാപമോചനത്തിനായി ബലിയര്പ്പിക്കുകയാണു ചെയ്തിരുന്നത്. എന്നാല്‍ ഒപ്പംതന്നെ തങ്ങളുടെ വീഴ്ചകളോര്ത്ത് ഇസ്രായേല്‍ ജനം ദൈവസന്നിധിയില്‍ നിലവിളിക്കുന്നതും ചാരം പൂശി ചാക്കുടുത്ത് അനുതപിക്കുന്നതും നാം കാണുന്നുണ്ട്, പ്രത്യേകിച്ചും സങ്കീര്‍ത്തനങ്ങളില്‍. യഹൂദ പാരമ്പര്യം ഇതായിരിക്കേ സ്നാപകയോഹന്നാന് അനുതാപത്തിന്റെ സ്നാനം നല്കുമ്പോള് അദ്ദേഹത്തിന്റെ മുമ്പിലെത്തുന്ന ജനം പാപം ഏറ്റുപറഞ്ഞ് അദ്ദേഹത്തില്‍നിന്നും ജ്ഞാനസ്നാനം സ്വീകരിക്കുന്നതായി കാണാം (മത്തായി 3: 6). അവിടെ ഒരുപക്ഷേ, അവര്‍ തങ്ങളുടെ പാപാവസ്ഥയായിരിക്കാം ഏറ്റുപറഞ്ഞത്. എന്നാല്‍ മനുഷ്യമുമ്പില് പാപമേറ്റുപറച്ചില് നടത്തിയിട്ട് സ്നാപകനോ കാഴ്ചക്കാരില്‍ ആരെങ്കിലുമോ അത് വിലക്കുന്നില്ല എന്നതു ശ്രദ്ധേയമാണ്. എന്നാല്‍ യേശുവിനെ പാപം നീക്കുന്ന കുഞ്ഞാടായി അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട് (യോഹന്നാന് 1 :29). പിന്നീട് അപ്പസ്തോലന്മാര് സ്നാനം നല്കിയപ്പോഴും ഇത് സംഭവിച്ചിരിക്കാം. എന്തായാലും യേശുവിന്റെ വരവോടുചേര്ന്ന് പാപമോചനശുശ്രൂഷ നടത്തപ്പെട്ടു എന്നത് വാസ്തവമാണ്. ഇവിടെ ഒരു ചോദ്യം ഉയരുന്നുണ്ട്, യേശു പാപമോചനം നടത്തിയോ എന്നത്. യേശു പാപമോചനശുശ്രൂഷ നടത്തിയെന്നതിനു ബൈബിളില്‍ ഒട്ടനവധി തെളിവുകളുണ്ട്.
1. അനുതപിച്ച് പാപം ഏറ്റുപറയുന്നതിന്റെ ഒട്ടനവധി അനുഭവങ്ങള്‍ യേശു പറഞ്ഞ ഉപമകളിലുമുണ്ട്. ധൂര്‍ത്തപുത്രന്റെ ഉപമയും (പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു (ലൂക്കാ 15: 21) ചുങ്കക്കാരന്റെയും ഫരിസേയന്റെയും ഉപമയുമൊക്കെ (ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ഥിച്ചു. ഞാന്‍ നിങ്ങളോടു പറയുന്നു, ഇവന് ആ ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി,ലൂക്കാ 18:13-14) നല്ല ഉദാഹരണങ്ങളാണ്.
യേശു പഠിപ്പിച്ച പ്രാര്‍ഥനയില്‍ പാപം ക്ഷമിക്കാനുള്ള പ്രാര്‍ഥന (ലൂക്ക 11:4) ഉണ്ടെന്നു മാത്രമല്ല, കുരിശില്‍ കിടക്കുമ്പോള്‍ തന്നെ പീഡിപ്പിച്ചവരോടു ക്ഷമിക്കാന്‍ പിതാവിനോടു അര്‍ഥിക്കുകയും ചെയ്യുന്നുണ്ട് (ലൂക്ക 23:34). അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും (ലൂക്കാ 15: 7) എന്നുപറഞ്ഞ് അനുതപിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് യേശു അടിവരയിടുന്നു.
2. യേശു, തന്റെ അടുക്കലെത്തിയവരില് ഏറെപ്പേരോടും ആവര്‍ത്തിച്ച ഒരു വാചകം നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നാണ്. (മത്തായി 9:2, മര്‍ക്കോസ് 2:5, ലൂക്കാ 7:49). ആ വചനം കുറേയധികംപേരെ സുഖപ്പെടുത്തുകയും ചെയ്തു.
3. ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ വിളിക്കാനാണ് (മത്താ 9:13) എന്നുപറയുന്നതിലൂടെ തന്റെ ആഗമനോദ്ദേശ്യം തന്നെ പാപമോചനമാണ് എന്ന് വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്.
4. യേശുവിന്റെ മുമ്പില്‍വന്ന് പാപാവസ്ഥ ഏറ്റുപറയുകയും അനുതാപം പ്രകടിപ്പിക്കുകയും ചെയ്തവരെ സുവിശേഷത്തില്‍ കാണാനാവും. ശിമയോന്റെ ഭവനത്തില്‍ വിരുന്നിനിരിക്കുമ്പോള്‍ പാപിനിയായ സ്ത്രീ യേശുവിന്റെ കാല്ക്കല് വീണു കണ്ണീരുകൊണ്ട് പാദം കഴുകി അവനില്‍ നിന്നും പാപമോചനം നേടുന്നുണ്ട് (ലൂക്ക 7:36-47). കൂടാതെ ശിമയോന്‍പത്രോസ് യേശുവിന്‍െറ കാല്ക്കല് വീണ്, കര്‍ത്താവേ, എന്നില്‍നിന്ന് അകന്നുപോകണമേ; ഞാന്‍ പാപിയാണ് എന്ന് ഏറ്റുപറയുന്നതും (ലൂക്കാ 5:1) എടുത്തുകാട്ടാവുന്ന ഉദാഹരണങ്ങളിലൊന്നാണ്.
ക്രിസ്തു തന്റെ അടുക്കല്‍ എത്തുന്നവരോട് പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറയുമ്പോള്‍ അതുകേട്ട ഫരിസേയര്‍ പാപം മോചിക്കാനുള്ള അവന്റെ അധികാരത്തെ ചോദ്യംചെയ്യുന്നുണ്ട് (ലൂക്കാ 5:21). ദൈവത്തിനു മാത്രമേ പാപം മോചിക്കാനുള്ള അധികാരമുള്ളു എന്നവര്‍ കലഹിക്കുമ്പോള്‍ ഭൂമിയില്‍ പാപം ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുമുണ്ട് എന്ന് അവിടന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നുമുണ്ട് (ലൂക്കാ 5 :24). യേശു പാപം മോചിക്കുക മാത്രമല്ല, പാപമോചനത്തിലൂടെ സൗഖ്യം നല്‍കുകയും ചെയ്തു.
മേല്‍പ്പറഞ്ഞ വചനസാക്ഷ്യങ്ങളുടെ പശ്ചാത്തലത്തില്‍ യേശു നടത്തിയ പാപമോചനശുശ്രൂഷയ്ക്ക് തെളിവും മിഴിവും ലഭിക്കുന്നുണ്ട്.