സ്വവർഗ്ഗലൈംഗികത – കത്തോലിക്കാസഭയുടെ പ്രബോധനങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല – കെസിബിസി മീഡിയ കമ്മീഷൻ

  0
  504

  കൊച്ചി: കുടുംബ ജീവിതത്തെക്കുറിച്ചും സ്വവർഗ്ഗ ലൈംഗികതയെക്കുറിച്ചും കത്തോലിക്കാസഭയുടെ പ്രബോധനങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്ന് കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. എവ്‌ജനി അഫിനിവ്സ്കി എന്ന സംവിധായകൻ ‘ഫ്രാൻചെസ്കോ’ എന്ന പേരിൽ പുറത്തിറക്കുന്ന ഡോക്യുമെൻററിയിൽ സ്വവർഗ്ഗവിവാഹത്തിന്റെ സാധുതയെ ഫ്രാൻസിസ് മാർപാപ്പ ന്യായീകരിച്ചു എന്ന വാർത്തയെക്കുറിച്ച് സീന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ബിഷപ്പ്.
  സഭയുടെ വിശ്വാസത്തിൻറെ അടിസ്ഥാനങ്ങളായ വിവാഹം, കുടുംബജീവിതം എന്നിവയെക്കുറിച്ചുള്ള പ്രബോധനങ്ങൾ ഡോക്യുമെൻററി കളിലൂടെടെയല്ല സഭ നടത്താറുള്ളത്. ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകളെ സാഹചര്യത്തിൽ നിന്നും വേർപെടുത്തി, സഭാ പ്രബോധനത്തിന് വിരുദ്ധമായി അവതരിപ്പിക്കുക എന്ന പതിവ് സഭാവിരുദ്ധ ശൈലിയാണ് ഇവിടെയും ദൃശ്യമാകുന്നത്. ‘എൽജിബിടി’ അവസ്ഥകളിലുള്ളവർ ദൈവമക്കളാണെന്നും മാനുഷികമായ എല്ലാ കരുതലും പരിഗണനയും സ്നേഹവും അവർ അർഹിക്കുന്നുണ്ടെന്നും ഫ്രാൻസിസ് പാപ്പാ ഇതിനുമുൻപും പഠിപ്പിച്ചിട്ടുള്ളതാണ്.
  വിശ്വാസ തിരുസംഘം 1975 -ൽ ലൈംഗിക ധാർമ്മികതയെക്കുറിച്ച് പുറപ്പെടുവിച്ച പ്രബോധനരേഖയിലും സമാനമായ നിലപാടാണ് കത്തോലിക്കസഭ സ്വീകരിച്ചിട്ടുള്ളത്. സ്വവർഗ്ഗ ലൈംഗിക ആഭിമുഖ്യങ്ങളെയും സ്വവർഗ്ഗ ലൈംഗിക പ്രവൃത്തികളെയും വേർതിരിച്ച് മനസ്സിലാക്കണമെന്നതാണ് സഭയുടെ നിലപാട്. വിവിധകാരണങ്ങളാൽ സ്വവർഗ്ഗ ലൈംഗിക ആഭിമുഖ്യം വളരാൻ ഇടയായ വ്യക്തികളെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്ന് സഭ കരുതുന്നു. സ്വവർഗ്ഗ വിവാഹത്തിന് നിയമപരിരക്ഷ നൽകണമെന്ന് മാർപാപ്പ പറഞ്ഞതായി മാധ്യമങ്ങളിൽ വരുന്ന വാർത്ത തെറ്റിദ്ധാരണാജനകമാണ് . തെറ്റിദ്ധാരണയ്ക്ക് ഇടയായ സാഹചര്യത്തെക്കുറിച്ച് വത്തിക്കാൻ ഉടൻ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഷപ്പ് പ്രസ്താവിച്ചു.
  സ്വവർഗാനുരാഗികളുടെ കൂടിതാമസത്തെ വിവാഹമായി കത്തോലിക്കാസഭ കരുതുന്നില്ല, എന്നാൽ ഇതിനെ സിവിൽ ബന്ധമായി വിവിധ രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ഇപ്രകാരം സിവിൽ ബന്ധങ്ങളിൽ ജീവിക്കുന്നവരുടെ അജപാലന ശുശ്രൂഷ സഭ ഗൗരവമായി ചിന്തിക്കുന്ന വിഷയമാണ്. കുടുംബത്തെക്കുറിച്ചുള്ള സിനഡിനു ശേഷം പുറപ്പെടുവിച്ച സ്നേഹത്തിൽ സന്തോഷമെന്ന (Amoris laetitia) പ്രബോധനരേഖയിൽ ഇതേക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈയൊരു അജപാലന ആഭിമുഖ്യത്തെക്കുറിച്ച് മാർപാപ്പ നൽകുന്ന നിരീക്ഷണമാണ് ഇവിടെ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നത് എന്നും ബിഷപ്പ് നിരീക്ഷിച്ചു.

  LEAVE A REPLY

  Please enter your comment!
  Please enter your name here