വിശുദ്ധ കുർബാന സ്വർഗ്ഗീയ മഹത്വത്തിന്റെ ഒരു മുന്നാസ്വാദനമാണ്. അന്ത്യ അത്താഴത്തിൽവച്ചു കർത്താവുതന്നെ ദൈവരാജ്യത്തിൽ നടക്കാനിരിക്കുന്ന പെസഹായുടെ പൂർത്തീകരണത്തിലേയ്ക്ക് തന്റെ ശിഷ്യന്മാരുടെ ശ്രദ്ധ തിരിച്ചു: “ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍െറ പിതാവിന്‍െറ രാജ്യത്തില്‍ നിങ്ങളോടൊത്തു നവമായി ഇതു പാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഈ ഫലത്തില്‍നിന്നു ഞാന്‍ വീണ്ടും കുടിക്കുകയില്ല”
(മത്തായി 26 : 29). സഭ കുർബാന ആഘോഷിക്കുമ്പോഴെല്ലാം ഈ വാഗ്ദാനം ഓർമിക്കുകയും വരാനിരിക്കുന്നവനിലേയ്ക്ക് തന്റെ ദൃഷ്ടി തിരിക്കുകയും ചെയ്യുന്നു. അവൾ തന്റെ ആരാധനയിൽ അവന്റെ വരവിനായി വിളിച്ചപേക്ഷിക്കുന്നു.
കർത്താവ് തന്റെ ദിവ്യകാരുണ്യത്തിൽ ഇപ്പോഴും വരുന്നുണ്ടെന്നും അവിടുന്ന് നമ്മുടെ മധ്യേ ഉണ്ടെന്നും സഭയ്ക്ക് അറിയാം. എന്നാൽ ഈ സാന്നിധ്യം ആവൃതമായിരിക്കുന്നു. അതുകൊണ്ട് അനുഗൃഹീതമായ പ്രത്യാശയെയും നമ്മുടെ രക്ഷകനായ ഈശോമിശിഹായുടെ പ്രത്യാഗമനത്തെയും നോക്കിപ്പാർത്തുകൊണ്ടു നാം കുർബാന ആഘോഷിക്കുന്നു. നീതി നിവസിക്കുന്ന പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ചുള്ള മഹത്തായ ഈ പ്രത്യാശയെ സംബന്ധിച്ചു കുർബാനയെക്കാൾ കൂടുതൽ ഉറപ്പുള്ള അച്ചാരമോ കൂടുതൽ വ്യക്തമായ അടയാളമോ ഇല്ല. ഈ രഹസ്യം ആഘോഷിക്കുന്ന ഓരോ പ്രാവശ്യവും നമ്മുടെ രക്ഷാകർമം നിർവഹിക്കപ്പെടുന്നു. അമർത്യതയുടെ ഔഷധവും മരിക്കാതെ ഈശോമിശിഹായിൽ നിത്യം ജീവിപ്പിക്കാനുള്ള മറുമരുന്നും ആയ ഏക അപ്പം നാം മുറിക്കുന്നു.
“നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടുത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു”.
(2 പത്രോസ് 3 : 13)
(കത്തോലിക്കാ സഭയുടെ മതബോധനാഗ്രന്ഥം: 1403-1405)