അനുദിനജീവിതത്തിൽ പല സാഹചര്യങ്ങളിലും കത്തോലിക്കേതര വിശ്വാസികളിൽ നിന്ന് നാം കേൾക്കേണ്ടി വരുന്ന ഒരു ചോദ്യമാണ്, ശിശുസ്നാനത്തെകുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ? എന്തുകൊണ്ട് കത്തോലിക്ക സഭ ശിശുസ്നാനം നടത്തുന്നു ?
ഉത്ഭവപാപത്തെക്കുറിച്ചുള്ള ചിന്തയില്‍ നിന്നാണ് കത്തോലിക്കാസഭയില്‍ ശിശുമാമ്മോദീസ അനുവര്‍ത്തിക്കുന്നത്. ആദത്തിന്റെയും ഹവ്വയുടെയും പാപത്തെ തുടര്‍ന്ന് മനുഷ്യപ്രകൃതിയാലുള്ള വീഴ്ചകൊണ്ട് എല്ലാ മനുഷ്യരും ഉത്ഭവപാപത്തോടെയാണ് ജനിക്കുന്നത്. എന്നാല്‍ ശിശു മാമ്മോദീസായിലൂടെ ലഭിക്കുന്ന ദൈവികകരുണയിലൂടെ ദൈവം ഉത്ഭവപാപത്തിന്റെ എല്ലാ കറകളും കഴുകിക്കളയുകയും അവിടുത്തെ പരിശുദ്ധ കുടുംബത്തിന്റെ അംഗങ്ങളാക്കിമാറ്റുകയും നമ്മുക്ക് നിത്യജീവന് വാഗ്ദാനം നേരുകയും ചെയ്യുന്നു. ജന്മപാപത്തിന്റെ കറകളോടെ ജനിച്ചുവീഴുന്നതുകൊണ്ടാണ് ഓരോ ശിശുവിനും മാമ്മോദീസാ നല്‍കേണ്ടിവരുന്നത്. ദൈവികകരുണയില്‍ നിന്ന് നമ്മുടെ ദൈവം ആരെയും മാറ്റിനിര്‍ത്തുന്നില്ല. കഴിവതും വേഗത്തില്‍ ശിശുക്കള്‍ക്ക് മാമ്മോദീസാ നല്കുന്ന കാര്യത്തില്‍ മാതാപിതാക്കളും മറ്റ് ബന്ധപ്പെട്ടവരും ശ്രദ്ധിക്കേണ്ടതാണ്.
ഒരു വ്യക്തി ക്രിസ്തുവിനോടും, ക്രിസ്തുവിന്റെ ശരീരമായ സഭയോടും ഏകീഭവിക്കുന്നത്തിന്റെ ബാഹ്യ അടയാള പ്രഖ്യാപനമാണ് സ്നാനം. മരണത്തിന്റെ രാജ്യത്തു നിന്ന് ജീവനിലേക്കുള്ള മാർഗമാണ് മാമ്മോദീസ, സഭയിലേക്കുള്ള കവാടമാണ്, ദൈവവുമായുള്ള ശാശ്വത സംസർഗത്തിന്റെ ആരംഭവുമാണ് ( യുകാറ്റ് 194).
കർത്താവായ യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുൻപ് നൽകിയ കല്പനകളിൽ ഒന്നാണ് ജ്ഞാനസ്നാനം. “ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്കു ജ്ഞാന സ്നാനം നൽകുവിൻ” (മത്താ 28:19-20).
പൗരാണിക കാലം മുതൽ സഭ ശിശു മാമ്മോദീസ നടത്തിയിരുന്നു. ഇതിന് ഒരു കാരണമുണ്ട് നാം ദൈവത്തെ കുറിച്ച് തീരുമാനിക്കുന്നതിന് മുൻപ് ദൈവം നമ്മെ കുറിച്ച് തീരുമാനിച്ചു കഴിഞ്ഞു. അതുകൊണ്ട് മാമ്മോദീസ ഒരു ദൈവ കൃപയാണ്, ദൈവം നൽകുന്ന സൗജന്യദാനമാണ് (യുകാറ്റ് 197).
മാമ്മോദീസ മുക്കിയ ശിശുവിനെ വിശ്വാസത്തിൽ മാതാപിതാക്കൾ വളർത്തണം. ശിശുമാമ്മോദീസയുടെ വ്യവസ്ഥയാണത്. തെറ്റിദ്ധരിക്കപ്പെട്ട സ്വാതന്ത്ര്യത്തിന്റെ പേരിൽ ശിശുവിന് മാമ്മോദീസ നല്‍കാതിരിക്കുന്നത് അനീതിയാണ്. ശിശു സ്നേഹത്തെക്കുറിച്ചു പിന്നീട് തീരുമാനമെടുക്കട്ടെയെന്നു വിചാരിച്ച് ശിശുവിനെ സ്നേഹിക്കാതിരിക്കാൻ ആർക്കും കഴിയുകയില്ല. അതുപോലെ വിശ്വാസികളായ മാതാപിതാക്കൾ മാമ്മോദീസയിൽ ലഭിക്കുന്ന ദൈവകൃപ ശിശുവിന് നിഷേധിക്കുന്നത് അനീതിയാണ്. ഓരോ വ്യക്തിയും സംസാരിക്കാനുള്ള കഴിവോടെ ജനിക്കുന്നെങ്കിലും ഭാഷ പഠിക്കേണ്ടി വരും. അതുപോലെ വിശ്വസിക്കാനുള്ള കഴിവോടെ ജനിക്കുന്നവൻ വിശ്വാസം പരിചയപ്പെടേണ്ടിവരും. നിർബന്ധിച്ചു ആരെയും മാമ്മോദീസ മുക്കുവാൻ പാടില്ല. ശിശു ആയിരിക്കെ മാമ്മോദീസ സ്വീകരിച്ചവൻ ജീവിതത്തിൽ പിന്നീടത് സ്ഥിരീകരിക്കണം. അതിനു സമ്മതം നല്കണമെന്നർത്ഥം. അങ്ങനെ അത് ഫലപുഷ്ടമാകും.
വിശ്വാസം ഏറ്റുപറഞ്ഞ്, സ്വീകരിക്കുന്ന ആളിന്റെ അറിവും വ്യക്തമായ സമ്മതവും സ്നാനത്തിനു അനിവാര്യമാണെന്നു വാദിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒന്നാമത്തെ കാര്യം ശിശുക്കൾക്ക് സ്നാനം നൽകാൻ പാടില്ല എന്നു ബൈബിളിൽ എവിടെയും പറയുന്നില്ല, മറിച്ച് ശിശുസ്നാനത്തെ അനുകൂലിക്കുന്ന നിരവധി വചനഭാഗങ്ങൾ ബൈബിളിൽ ഉണ്ട് എന്നതാണ് . നമുക്ക് ആ വചനഭാഗങ്ങൾ നോക്കാം.
എന്തിനു വേണ്ടി ജ്ഞാന സ്നാനം സ്വീകരിക്കണമെന്ന് പത്രോസ്ശ്ലീഹ നമ്മെ പഠിപ്പിക്കുന്നു. “നിങ്ങൾ പശ്ചാത്തപിക്കുവിൻ, പാപമോചനത്തിനായി എല്ലാവരും യേശു ക്രിസ്തുവിൻറെ നാമത്തിൽ സ്നാനം സ്വീകരിക്കുവിൻ.പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങൾക്ക് ലഭിക്കും” (അപ്പ 2:38). ചിലർ വാദിക്കുന്നു ഇവിടെ പൗലോസ് ശ്ലീഹ പശ്ചാത്തപിച്ചതിനു ശേഷം ജ്ഞാനസ്നാനം സ്വീകരിക്കുവാൻ ആവശ്യപ്പെട്ടിരിക്കുന്നു. എന്നാൽ കുഞ്ഞുങ്ങൾക്ക് പശ്ചാത്തപിക്കുവാൻ കഴിയില്ല അതിനാൽ ശിശുസ്നാനം അനുവദനീയമല്ല എന്ന് .എന്നാൽ ഈ വാഗ്ദാനം മുതിർന്നവർക്ക് മാത്രമല്ല ശിശുക്കൾക്കും നൽകപ്പെട്ടിരിക്കുന്നു എന്നത് അടുത്ത വചനത്തിൽ നിന്നും വ്യക്തമാണ് . ” ഈ വാഗ്ദാനം നിങ്ങൾക്കും ,നിങ്ങളുടെ സന്താനങ്ങൾക്കും വിദൂരസ്ഥർക്കും നമ്മുടെ ദൈവമായ കർത്താവ് തൻറെ അടുക്കലേക്കു വിളിക്കുന്ന എല്ലാവർക്കും ഉള്ളതാണ് “(അപ്പ 2:39).
യോഹ 3:5 ൽ നാം വായിക്കുന്നു,” സത്യം സത്യമായും ഞാൻ നിന്നോടു പറയുന്നു ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കിൽ ഒരുവനും ദൈവരാജ്യത്തിൽ പ്രവേശിക്കുക സാധ്യമല്ല” എന്ന്. എന്നാൽ ഈ ദൈവരാജ്യം അവകാശമാക്കാൻ ശിശുക്കൾക്കും അവകാശമുണ്ട് എന്നു വ്യക്തമാക്കുന്ന വചനമാണ് “ശിശുക്കളെ എന്റെ അടുത്തു വരുവാൻ അനുവദിക്കുവിൻ ,ദൈവരാജ്യം അവരെപോലെയുള്ള വരുടെതാണ് (മത്താ 19:14). തന്റെ രാജ്യത്തിലേക്ക് ഈശോ കുഞ്ഞുങ്ങളെ ക്ഷണിക്കുമ്പോൾ പിന്നെ നാം എന്തുകൊണ്ട് ജലത്താലും ആത്മാവിനാലും ലഭിക്കുന്ന ഈ ദൈവരാജ്യത്തിൽ നിന്ന് കുഞ്ഞുങ്ങളെ മാറ്റി നിർത്തണം?.
അതുപോലെ തന്നെ പരിച്ഛേദനം എന്നത് പഴയ ഉടമ്പടിയിലേക്കു പ്രവേശിക്കുന്നതിനുള്ള യഹൂദ നിയമമായിരുന്നെങ്കിൽ, അതിൻറെ സ്ഥാനത്തു വന്ന പുതിയ ഉടമ്പടിയിലേക്കുള്ള കവാടമാണ് ജ്ഞാനസ്നാനം. പൗലോസ് ശ്ലീഹ കൊളോസോസുകാർക്കെഴുതിയ ലേഖനത്തിൽ ക്രിസ്തുവിന്റെ പരിച്ഛേദനം എന്ന വാക്കാണ് ജ്ഞാനസ്നാനവുമായി ബന്ധപ്പെടുത്തി ഉപയോഗിച്ചിരിക്കുന്നത് (കൊളോ 2:11,12). യഹൂദരുടെ ആചാരമായ പരിച്ഛെദനം ചെയ്യപ്പെട്ടിരുന്നത് 8 ദിവസം പ്രായമായ ശിശുക്കളിലാണ്. വളരെ അപൂർവമായി ചില മുതിർന്നവരിലും. ശിശുക്കൾ ജ്ഞാന സ്നാനത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കണമായിരുന്നെങ്കിൽ ഇങ്ങനെ ഒരു സാദൃശ്യം പൗലോസ് ശ്ലീഹ ഉപയോഗിക്കുമായിരുന്നില്ല.
പുതിയ നിയമത്തിൽ പല ഭാഗങ്ങളിലും കുടുംബം മുഴുവനും ജ്ഞാനസ്നാനം സ്വീകരിച്ചതായി കാണാം. അപ്പസ്തോല പ്രവർത്തനങ്ങളിൽ കാരാഗൃഹ കാവൽക്കാരനും കുടുംബവും ജ്ഞാന സ്നാനം സ്വീകരിക്കുന്നതായി നാം വായിക്കുന്നു (അപ്പ 16:33). കോറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിൽ സ്തെഫാനോസിന്റെ കുടുംബത്തെയും സ്നാനപ്പെടുത്തി എന്നു വായിക്കുന്നു (കോറി 1:16). അതുപോലെ ലിദിയായും കുടുംബവും ജ്ഞാനസ്നാനപ്പെട്ടതായി നാം വായിക്കുന്നു (അപ്പ 16:15 ). ഇവിടെ കുടുംബം എന്ന് പറഞ്ഞിരിക്കുന്നതുകൊണ്ടു തീർച്ചയായും ശിശുക്കളും മുതിർന്നവരും ഉൾപ്പെടും.
ഒരു സഭാ പിതാക്കൻമാരും ശിശു സ്നാനത്തിനെതിരായിരുന്നില്ല എന്നതു തന്നെ ശിശു സ്നാനം ആധികാരികമാണ് എന്നതിനുള്ള തെളിവാണ്.
ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറയാണ് മാമ്മോദീസ. ഏഴു കൂദാശകളില്‍ ഒന്നായ ജ്ഞാനസ്നാനമാണ് കര്‍ത്താവിനെ നമ്മുടെ ഉള്ളില്‍ പ്രവേശിക്കുന്നതിനും, ദൈവീക രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതിനും അനുവദിക്കുന്ന വാതില്‍. ജ്ഞാനസ്നാനമെന്ന കൂദാശയുടെ അര്‍ത്ഥം പോലുമറിയാത്ത കുട്ടികളെ എന്തിനു ജ്ഞാനസ്നാനപ്പെടുത്തണമെന്നാണ് ചില മാതാപിതാക്കള്‍ ചിന്തിക്കുന്നത്. എന്നാല്‍ കുട്ടികളില്‍ ക്രിസ്തീയ മൂല്യങ്ങള്‍ വളരുവാനും വികസിക്കുവാനും മാമ്മോദീസ ആവശ്യമാണെന്ന കാര്യം അവര്‍ അറിയുന്നില്ല. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുവാനുള്ള അവസരം എല്ലാ കുട്ടികള്‍ക്കും ലഭിക്കണം. അതിനാല്‍ നിങ്ങളുടെ കുട്ടികളെ ജ്ഞാനസ്നാനപ്പെടുത്തുവാന്‍ മറക്കരുത്.
ജ്ഞാനസ്നാന തൊട്ടി നമ്മെ ഒരു പുതിയ മനുഷ്യനാക്കി മാറ്റുകയാണ് ചെയ്യുന്നത്. അത് യേശുവില്‍ പുനഃസൃഷ്ടിക്കപ്പെട്ട മനുഷ്യനാക്കി മാറ്റുന്നു. ആദാമിന്റെ മുഴുവന്‍ സന്തതികളും യേശുവിനാല്‍ പുതിയൊരു ജീവിതത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു. ജ്ഞാനസ്നാനം നമ്മുടെ ജീവിതത്തെ തിളക്കമുള്ളതാക്കുകയും സ്വര്‍ഗ്ഗീയമായ വിശുദ്ധ നാട്ടില്‍ എത്തുന്നത് വരെ നമ്മുടെ ഓരോ കാലടിയിലും നമ്മെ നയിക്കുകയും ചെയ്യും. കുട്ടികളുടെ മാമ്മോദീസ തീയതി ഓര്‍ത്തിരിക്കുവാനും നാം ശ്രദ്ധിക്കണം.