നാർക്കോട്ടിക് ജിഹാദ്: തൃശൂർ ഭദ്രാസനാധിപനും മലങ്കര സഭയും –
മാധ്യമങ്ങളിൽ വന്ന ചില വാർത്തകളുടെ നിജസ്ഥിതി അറിയാതെ പോകുന്ന പൊതു സമൂഹത്തോട് ഒന്ന് പറയട്ടെ; മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തൃശ്ശൂർ ഭദ്രാസനാധിപൻ പറഞ്ഞ അഭിപ്രായങ്ങൾ മലങ്കര ഓർത്തഡോക്സ് സഭയുടേത് എന്നു ആരും കരുതരുത്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായോ അദ്ദേഹത്തിന്റേതായ ചില നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ വരുന്ന അഭിപ്രായം മാത്രം ആണ്, ഇതുപോലെ ഒരു അഭിപ്രായം പറയുവാൻ അദ്ദേഹത്തെ മലങ്കര ഓർത്തഡോക്സ് സഭ ചുമതലപ്പെടുത്തിയിട്ടില്ല എന്ന കാര്യം ഓർക്കണം . ആവശ്യത്തിനും അനാവശ്യത്തിനും ചാനൽ ചർച്ചകൾക്ക് പോകുന്ന കോമരങ്ങൾക്ക് അവരുടേതായ താല്പര്യങ്ങൾ കാണും. അതിൽ മലങ്കര ഓർത്തഡോക്സ് സഭയുമായി ഒരു ബന്ധവും കാണുകയില്ല. പൊതു സമൂഹത്തിനു അതുമൂലം ഉണ്ടായ ആശങ്കയിൽ വിഷമം അറിയിക്കുന്നു.
പൗരസ്ത്യ പാരമ്പര്യത്തിൽ
മെത്രാപ്പോലീത്തന്മാർ വാഴിക്കപ്പെടുന്നത് അവരെ സന്യാസ ജീവിതത്തിലേക്ക് പ്രവേശിപ്പിച്ചിട്ടാണ് എന്നത് തന്നെ ലോകമയം വ്യക്തിമയം എല്ലാം ഉപേക്ഷച്ചു എന്നതിന്റെ ഉറപ്പോട് കൂടിയാണ്. സഭയാണ്, ക്രിസ്തുവാണ് എല്ലാം.
അല്ലാതെ വായിൽ തോന്നിയത് ……. പാട്ട് എന്നത് അല്ല ആ ജീവിതം. അത് സ്വന്തം താൽപര്യങ്ങൾ വിളമ്പാനും വിഴുപ്പ് അലക്കാനും ഉള്ളത് അല്ല ക്രിസ്തുവിന്റെ മണവാട്ടി ആയ തിരുസഭയുടെ പുരോഗതിക്കും മഹത്വത്തിനും ആണെന്ന് ഓർമ്മിക്കുന്നത് നല്ലത് ആണ്.
ഇട്ടിരിക്കുന്ന ചുവപ്പ് പോലും കൊടി മരത്തിലെ ചുവപ്പ് അല്ലെന്നും കാൽവറിയിലെ രക്തം മുതൽ ഹാബേലിന്റെ രക്തം തൊട്ട് ഇങ്ങോട്ട് അനേകം സഹദ്ദേന്മാരുടെ രക്തത്തിന്റെ ഓർമ്മകൾ കൂടി ഉണർത്തിവിടുന്ന ഒന്നാണെന്ന് കൂടി ഓർക്കണം.
ചാനൽ ചർച്ചകൾക്ക് പോയ മെത്രാച്ചനോട് : അഭിപ്രായങ്ങൾ പറയുമ്പോൾ പ്രത്യേകം പറയുവാൻ ശ്രദ്ധിക്കുക ഇത് എന്റെ സ്വന്തം അഭിപ്രായം ആണ് എന്നുള്ളത് .
മലങ്കര സഭ ഒദ്യോഗികമായി ചുമതലപെടുത്താതെ പോകുന്ന ചർച്ച ആണെങ്കിൽ ചാനലിൽ പേര് എഴുതുമ്പോൾ ഉദാഹരണത്തിന് മാർ മിലിത്തിയോസ് എന്ന് മാത്രം ഉൾപെടുത്തുക , കൂടെ മലങ്കര ഓർത്തഡോക്സ് സഭ , ഭദ്രാസനം എന്ന ലേബൽ ചേർക്കാതിരിക്കുക. വഴിയിൽ പോകുന്ന വയ്യാവേലി എല്ലാം തോട്ടി ഇട്ടു പിടിച്ചു മലങ്കര സഭയെ ബുദ്ധിമുട്ടിക്കരുത് എന്ന കാര്യം കൂടെ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
സാധിക്കുമെങ്കിൽ ഒരു ചാനൽ പ്രവർത്തകൻ തന്നെ ചർച്ചക്ക് വിളിക്കുമ്പോൾ , അതിന്റെ ഉദ്ദേശ്യശുദ്ധി സ്വയം ചിന്തിച്ചെടുക്കുകയും അന്നത്തെ വിഷയത്തിൽ താൻ പങ്കെടുത്തു ഒരു അഭിപ്രായം പറഞ്ഞാൽ തന്റെ സഭയെയും , വിശ്വാസികളെയും ബാധിക്കുമോ എന്നും ,ചർച്ചകൾ പുരോഗമിക്കുമ്പോൾ ഗതി മുൻകൂട്ടി എന്താകുമെന്ന് ഒന്ന് സ്വയം ചിന്തിക്കണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു .
ഈ സഭയുടെ അച്ചടക്കത്തെ കളങ്കം വരുത്തുവാൻ ശ്രമിക്കുന്ന തല്പര കക്ഷികൾ ആരാണെങ്കിലും അതിനെ ചെറുക്കുക തന്നെ വേണം .
പൊതു സമൂഹത്തിന്റെ മുന്നിൽ വ്യത്യസ്തനാകുവാൻ ഉള്ള വ്യഗ്രതയിൽ മറന്നത് ഈ സഭയെ ആണ് എന്നുള്ളതും പ്രതിഷേധത്തോടെ ഓർമ്മിപ്പിക്കുന്നു. തുടർന്ന് ഇതുപോലുള്ള നടപടികൾ തുടർന്നാൽ അതിനെ ചെറുക്കുക തന്നെ ചെയ്യും എന്ന കാര്യം കൂടെ ഓർമ്മിപ്പിക്കട്ടെ.
മാർ മിലിത്തിയോസ് മെത്രാച്ചൻറെ അഭിപ്രായ പ്രകടനങ്ങൾ പൊതു സമൂഹത്തിൽ അറിയുന്നതും , വിലയിരുത്തപ്പെടുന്നതും മലങ്കര സഭയുടെ അഭിപ്രായം ആയിട്ടാണ്.അതിനാൽ ഇങ്ങനെ അനാവശ്യമായി ചർച്ചയിൽ പങ്കെടുത്തു വർത്തമാന കാലത്തെ സംഭവ വികാസങ്ങൾ മനസിലാക്കാതെ വിവാദ പ്രസ്താവനകൾ നടത്തുന്നത് പ്രതിഷേധാർഹമാണ്.
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗിന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.