മരിയൻ ഭക്തിയുടെ മറവിൽ കത്തോലിക്കാസഭയെ അക്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്ത് ഫാ. സേവ്യർ ഖാൻ വട്ടായിൽ

0
405

അട്ടപ്പാടി: മരിയ ഭക്തിയുടെ മറവിൽ പ്രത്യേകിച്ച് മാതാവിന്റെ പേരിൽ കത്തോലിക്കാ വിരുദ്ധത ലോകത്തിൽ ഇന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് ഫാ.സേവ്യർ ഖാൻ വട്ടായിൽ. കത്തോലിക്കാ വിരുദ്ധത പ്രചരിപ്പിച്ചുകൊണ്ട് ലോകത്തിന്റെ നനഭാഗങ്ങളിൽ ഇത്തരം ഗ്രൂപ്പുകൾ പ്രവത്തിക്കുന്നുണ്ട് എന്ന് സേവ്യർ ഖാൻ വട്ടായിലച്ചൻ വ്യക്തമാക്കി.

ഫ്രാൻസിസ് പാപ്പ ഇത് സംബന്ധിച്ച് 2020 ഓഗസ്റ്റ് 21 ന് റോമിലുള്ള പൊന്തിഫിക്കൽ മരിയൻ അക്കാദമിയുടെ പ്രസിഡന്റ്, മോൺ. സ്റ്റേഫനോ ചെക്കീനെ അഭിസംബോധന ചെയ്തുകൊണ്ട് അയച്ച കത്തിലൂടെ ആണ് ശക്തമായി ഇതിനെക്കുറിച്ച് പറയുന്നത്. ഇതിനെ അടിസ്ഥാനമാക്കി സേവ്യർ ഖാൻ വട്ടായിലച്ചൻ ഇന്നലെ തന്റെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/watch/?v=662082981349266
ഫ്രാൻസിസ് പാപ്പ മോൺ. സ്റ്റേഫനോ ചെക്കീന് അയച്ച കത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ” പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി സഭാപ്രബോധനങ്ങൾക്കും പാരമ്പര്യങ്ങൾക്കും അനുസൃതമായി അതിന്റെ മൗലിക സ്വാഭാവത്തിൽ സംരക്ഷിക്കപ്പെടുകയും, അത് സുവിശേഷ മാനദണ്ഡങ്ങളായ നീതി, സ്വാതന്ത്ര്യം, സത്യസന്ധത, ഐക്യം എന്നിവയുമായി പൊരുത്തപ്പെട്ടു പോവുകയും വേണമെന്നും, അടുത്തകാലത്തായി സുവിശേഷമൂല്യങ്ങൾക്കും സഭയുടെ പ്രബോധനങ്ങൾക്കും പാരമ്പര്യങ്ങൾക്കും ഇണങ്ങാത്ത രീതിയിൽ ദൈവമാതാവിനോടുള്ള ഭക്തിയെ കൈകാര്യംചെയ്യുന്ന സ്വതന്ത്ര അധികാര കേന്ദ്രങ്ങളും, പ്രസ്ഥാനങ്ങളും, സംഘടനങ്ങളും, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ തലപൊക്കിയിട്ടുള്ളതും ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാട്ടി”.

ഇതിനെ സംബന്ധിച്ച് റോമിലുള്ള പൊന്തിഫിക്കൽ മരിയൻ അക്കാദമിയുടെ പ്രസിഡന്റ്, മോൺ. സ്റ്റേഫനോ ചെക്കീൻ വ്യക്തമായ മറുപടി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. മരിയഭക്തിയുമായി ബന്ധപ്പെട്ടു പൊന്തിവന്നിട്ടുള്ള സഭാ വിദ്വേഷികളുടെ ദുഷ്പ്രചരണം ആഗോള സഭാദ്ധ്യക്ഷനായ ഫ്രാൻസിസ് പാപ്പക്ക് എതിരായിട്ടാണ്. മരിയഭക്തിയുടെ വക്താക്കളെന്ന വ്യാജേന സഭയ്ക്കും പാപ്പായ്ക്കും എതിരായുള്ള കരുനീക്കങ്ങളാണ് ഈ നവമായ കുതന്ത്രം. ബെനഡിക്ട് മാർപാപ്പയുടെ സ്ഥാനത്യാഗത്തോടെ പത്രോസിന്റെ സിംഹാസനം ശൂന്യമാണെന്നും, പത്രോസിനു ക്രിസ്തു നല്കിയ അധികാരത്തിന്റെ താക്കോൽ ദൈവമാതാവ് ഫ്രാൻസിസ് പാപ്പയിൽ നിന്നും തിരികെ എടുത്തെന്നും സാധാരണക്കാരെ പറഞ്ഞു ധരിപ്പിക്കുന്നതാണ് ഈ “മാഫിയ” പ്രസ്ഥാനങ്ങളുടെ നീക്കം. ഫ്രാൻസിസ് പാപ്പയെയും അദ്ദേഹത്തിന്റെ പ്രബോധനങ്ങളെയും വിമർശിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന ചെറുസംഘങ്ങൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തലപൊക്കുന്നുണ്ടെന്ന് മോണ്. ചെക്കീൻ വത്തിക്കാൻ വാർത്താവിഭാഗത്തിന് നല്കിയ അഭിമുഖത്തിൽ വിശദീകരിച്ചു.

നാം ജീവിക്കുന്ന ഈ കാലഘട്ടം വളരെ സങ്കീർണമാണെന്നും ഫ്രാൻസിസ് പാപ്പക്ക് എതിരായും കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങൾക്ക് എതിരായും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചില പ്രബോധനങ്ങൾക്ക് എതിരായുമെല്ലാം കൗശലപൂർവ്വം വളരെ സംഘടിതമായി വിരുദ്ധ ചിന്തകൾ പ്രചരിപ്പിക്കുന്ന ഒരുപാട് ചെറു സംഘങ്ങൾ നിലവിലുണ്ടെന്നും അതിനെതിരെ നാം ജാഗരൂകരായിരിക്കണമെന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ ഓർമിപ്പിച്ചു. നമ്മുടെ സഹോദരങ്ങളെ നാം ഇത് ബോധ്യപ്പെടുത്തണമെന്നും നാം ഒരുമിച്ച് വിശ്വാസ സംരക്ഷണത്തിനുവേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും വേണമെന്നും ജാഗ്രതയോടെ ചുറ്റും വീക്ഷിക്കണമെന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ കൂട്ടിച്ചേർത്തു. മാതാവിനോടുള്ള യഥാർത്ഥ ഭക്തി നാം കാത്തുസൂക്ഷിക്കണമെന്നും വിഘടിത ഗ്രൂപ്പുകളുടെ കുതന്ത്രങ്ങളിൽ പെടരുതെന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here