പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാർക്കോട്ടിക്ക് ജിഹാദ്’ പരാമർശത്തിന് പിന്തുണയുമായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. യുഡിഎഫ് നിലപാടിനെ തള്ളിയാണ് ജോസഫ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ബിഷപ്പ് നിർവ്വഹിച്ചത് അദ്ദേഹത്തിന്റെ അപ്പോസ്തോലിക ദൗത്യമാണെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാനും, പ്രതിപക്ഷ ചീഫ് വിപ്പുമായ മോൻസ് ജോസഫ് പറഞ്ഞു. കേരളാ കോൺഗ്രസ് (എം) നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രതികരണവുമായി മോൻസ് ജോസഫ് രംഗത്തെത്തിയിരിക്കുന്നത്.
ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗം ദുർവ്യാഖ്യാനം ചെയ്ത് വിവാദം സൃഷ്ടിക്കുന്നതിന് ഒരു വിഭാഗം നടത്തിയ നീക്കം തികച്ചും നിർഭാഗ്യകരമാണ്. പാലാ രൂപതയിലെ ഏറ്റവും പ്രധാനപ്പെട്ട ക്രൈസ്തവ കേന്ദ്രമായ കുറവിലങ്ങാട് പള്ളിയിൽ രൂപതാധ്യക്ഷന്റെ അപ്പോസ്തോലിക ദൗത്യത്തിന്റെ ഭാഗമായി തന്റെ കീഴിലുള്ള വിശ്വാസ സമൂഹത്തോട് നടത്തിയ ഉദ്ബോധനത്തെ വിശ്വാസത്തിന്റെ ഭാഗമായും സഭാപരമായും കാണുന്നതിന് എല്ലാവരും തയ്യാറാകണം. ധാർമ്മിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന ക്രൈസ്തവ സഭ ധാർമിക അധപതനത്തിനെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ അനിവാര്യതയാണ് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാണിച്ചത്. ഇക്കാര്യം നേരായ മാർഗ്ഗത്തിൽ വിലയിരുത്തിയാൽ വിവാദങ്ങൾ അവസാനിക്കുമെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.
ഭാരതീയ ദർശനങ്ങൾക്ക് വില കൽപ്പിച്ച് കൊണ്ട് മതസൗഹാർദ്ദ നിലപാട് ഏറ്റവും ശ്രേഷ്ഠമായ ഉയർത്തിപ്പിടിച്ചിട്ടുള്ള സഭാ പിതാക്കന്മാരിൽ മുൻനിരക്കാരനായിട്ടാണ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ കേരള സമൂഹത്തിൽ എന്നും കാണാൻ കഴിഞ്ഞിട്ടുള്ളതെന്ന മഹത്വം ആർക്കും വിസ്മരിക്കാൻ കഴിയില്ല- മോൻസ് ജോസഫ് പറഞ്ഞു. ക്രൈസ്തവ-ഹൈന്ദവ-ഇസ്ലാം മതമൈത്രിയുടെയും മനുഷ്യ സാഹോദര്യത്തിന്റെയും ഉറച്ചതും ഉദാത്തവുമായ നിലപാടാണ് ബിഷപ്പ് എന്നും സ്വീകരിച്ചിട്ടുള്ളത്. ഇതോടൊപ്പം ക്രൈസ്തവ സഭാ വിശ്വാസികളുടെ ജീവിത വീക്ഷണത്തിൽ പുലർത്തേണ്ടതും സംരക്ഷിക്കേണ്ടതുമായ മൂല്യാധിഷ്ഠിത നിലപാടുകളെക്കുറിച്ച് സഭാത്മകമായി ബിഷപ്പ് വിശദീകരിച്ചതിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നവർ വസ്തുതകൾ വിസ്മരിക്കുന്നതായിട്ടാണ് കാണാൻ കഴിയുകയുള്ളൂ- മോൻസ് ജോസഫ് അവകാശപ്പെട്ടു.
മദ്യത്തിനും മയക്ക് മരുന്നിനും തീവ്രവാദത്തിനും എല്ലാം എതിരെ ക്രൈസ്തവ സഭ നടത്തി വരുന്ന പോരാട്ടങ്ങളുടെയും ബോധവത്കരണത്തിന്റെയും തുടർച്ചയാണ് ബിഷപ്പിന്റെ പ്രസംഗത്തിൽ പ്രതിഫലിക്കുന്നത്. ഇക്കാര്യങ്ങളുടെ യാഥാർത്ഥ്യം ഉൾക്കൊണ്ട് വിവാദ പ്രതികരണങ്ങൾ അവസാനിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. മതസൗഹാർദ്ദം സമൂഹത്തിൽ സംരക്ഷിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും ആത്മാർത്ഥമായ യോജിപ്പും ഹൃദയ ഐക്യവും ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.