ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി മധ്യകേരളത്തിലെ ഒരു മുതിര്‍ന്ന ബിഷപ്പിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന

0
449

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി മധ്യകേരളത്തിലെ ഒരു മുതിര്‍ന്ന ബിഷപ്പിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് അടുത്തിടെ വിരമിച്ച മധ്യകേരളത്തിലെ പ്രമുഖനായ ബിഷപ്പിനെ നിയമിക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനം അടുത്തയാഴ്ച കൈക്കൊള്ളുമെന്നാണ് സൂചന. ബിജെപി കേന്ദ്ര നേതൃത്വം ഇതിനു പച്ചക്കൊടി കാട്ടിയിട്ടുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലെ ഭൂരിഭാഗം നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടെങ്കിലും അതു പരസ്യമാക്കിയിട്ടില്ല.സഭയ്ക്കുള്ളിലും നേതൃത്വത്തോട് ആലോചിക്കാതെ പ്രസ്തുത ബിഷപ്പിനെ ഈ പദവിയിലേയ്ക്ക് കൊണ്ടുവരുന്നതില്‍ ഭിന്ന അഭിപ്രായങ്ങളുണ്ട്. അതേസമയം ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് നിര്‍ണായകമായ ഒരു പദവി നിലവിലെ സാഹചര്യത്തില്‍ സഭയിലെ ഉന്നതന് ലഭിക്കുന്നു എന്നതില്‍ ആഹ്ളാദവുമുണ്ട്. നേരത്തെ സിപിഎമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനുമായിപോലും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബിഷപ്പിനെയാണ് ബിജെപി ന്യൂനപക്ഷങ്ങള്‍ക്കായുള്ള താക്കോല്‍ പദവിയിലേക്ക് നിയമിക്കാനൊരുങ്ങുന്നത്.

ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ബുദ്ധ, പാര്‍സി എന്നി വിഭാഗങ്ങളുടെ ക്ഷേമത്തിനായാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ചത്. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, അഞ്ച് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കമ്മീഷന്‍. വിപുലമായ അധികാര-അവകാശങ്ങള്‍ ഉള്ള സ്വതന്ത്ര പദവിയാണ് ഈ കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനം. നേരത്തെ സംസ്ഥാനത്തെ ഭരണതലത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ഈ ബിഷപ്പ് അടുത്തകാലത്താണ് രൂപതാ ഭരണം ഒഴിഞ്ഞത്. മുമ്പ് ബിജെപിയുടെ ഭരണകാലത്ത് കേന്ദ്ര സര്‍ക്കാരിലെ ഒരു പദവി ഇദ്ദേഹം വഹിച്ചിരുന്നു. ഇദ്ദേഹത്തെ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കുന്നതിലൂടെ ചില രാഷ്ട്രീയ നേട്ടങ്ങളും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ ബിജെപിക്ക് കാര്യമായ വേരോട്ടമുണ്ടാകാത്തത് ന്യൂനപക്ഷങ്ങളുടെ ഇടയിലെ എതിര്‍പ്പും ഭൂരിപക്ഷ സമുദായത്തിന്റെ ഇടയിലെ സ്വീകാര്യതയില്ലായ്മയുമാണെന്ന നിഗമനത്തിലാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം. ഇതിന് മാറ്റം വരാന്‍ ഏറ്റവും നല്ലത് ക്രൈസ്തവ വിഭാഗത്തെ കൂടെ നിര്‍ത്തുന്നതാണെന്നും അവര്‍ വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായി പല പദവികളിലും ക്രൈസ്തവരെ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണങ്ങള്‍ എന്നാല്‍ കാര്യമായ വിജയത്തിലെത്തിയില്ല.

ഇതു പരിഹരിക്കാനാണ് കേരളത്തിലെ പ്രബലമായ കത്തോലിക്കാ വിഭാഗത്തിലെ ഒരു ബിഷപ്പിനെ തന്നെ ഉയര്‍ന്ന പദവിയിലേക്ക് എത്തിക്കുന്നത്. ഇതുവഴി കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ വിശേഷിച്ച് ക്രൈസ്തവര്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വീകാര്യത കൂടുമെന്നും അവര്‍ വിശ്വസിക്കുന്നു. പ്രധാനമന്ത്രിയോടും അടുത്ത ബന്ധമാണ് ഈ ബിഷപ്പിനുള്ളത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയെ കാണാന്‍ ബിഷപ്പ് ശ്രമിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ തിരക്കുകാരണം നടന്നില്ല. അടുത്തയാഴ്ചയോടെ പ്രധാനമന്ത്രി ബിഷപ്പിന് കൂടിക്കാഴ്ച അനുവദിച്ചേക്കും. തൊട്ടുപിന്നാലെ പ്രഖ്യാപനവും ഉണ്ടാകും.
വിവരങ്ങൾക്ക് കടപ്പാട് :
സത്യം ഓൺലൈൻ.

LEAVE A REPLY

Please enter your comment!
Please enter your name here