വൻ ജനപ്രീതിയുള്ള ചലച്ചിത്ര താരങ്ങൾ ഇത്തരം തുറന്നു പറച്ചിലുകൾക്കു തയാറാവുക അപൂർവമാണ്. യുവാക്കൾക്കിടയിൽ തരംഗമായി മാറിയിരിക്കുന്ന
പുതിയ കാലത്തിന്റെ താരം നിവിൻ പോളി പറയുന്നത് കേൾക്കുക.
ആലുവ സെന്റ് ഡൊമിനിക് ദേവാലയത്തിന്റെ മുറ്റത്തും പരിസരങ്ങളിലും പഠിച്ചും കളിച്ചും വളർന്ന ഒരു ബാല്യമുണ്ടെനിക്ക്. ഞങൾ താമസിക്കുന്നത് പള്ളിയുടെ മുൻപിൽ തന്നെ ആയതുകൊണ്ടാവാം ഇടവക ദേവാലയത്തോടു എനിക്ക് വല്ലാത്തൊരടുപ്പമുണ്ടായിരുന്നു. എന്നും ആ അടുപ്പം കാത്തു സൂക്ഷിക്കാൻ ഞാൻ പരിശ്രമിക്കുന്നുണ്ട്.
അൾത്താര ബാലനായും, സി. എൽ. സി. അംഗമായും അതിലേറെ ഈ ഇടവകയിൽ സേവനം ചെയ്തിട്ടുള്ള അച്ചന്മാരുടെ സുഹൃത്തായും നടന്ന കാലം. ഇടവകയിലെ കൊച്ചച്ചന്മാരോട് ചേർന്ന് സംഘടനാതലത്തിലും ഇടവകതലത്തിലും പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്താണ് ഇന്നും എന്റെ കരുത്ത്. അവർ പഠിപ്പിച്ച മൂല്യങ്ങളും, കാണിച്ചുതന്ന മാതൃകകളും എന്റെ ജീവിതത്തിന്റെ തിരക്കുകളിൽ വഴിവിളക്കാകാറുണ്ട്.
അതുകൊണ്ടു തന്നെ ഈ ദൈവവിളി പ്രോത്സാഹിക്കപ്പെടണമെന്നും പരിപോഷിപ്പിക്കപ്പെടണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ലോകത്തിന്റെ അടിച്ചുപൊളികൾക്കിടയിൽ ഇപ്പോഴും പൗരോഹിത്യത്തെ വരിക്കാൻ ആഗ്രഹിക്കുകയും താല്പര്യം കാണിക്കുകയും ചെയ്യുന്ന യുവത്വം നമ്മുടെ നാട്ടിൽ ഉണ്ട്, എന്നുള്ളത് ആശ്വാസപ്രദവും അതിലേറെ ദൈവാനുഗ്രഹവുമാണ്.
ഇന്നും ഈ വിളിയിലേക്കു കടന്നു വരുന്ന എല്ലാ അനുജന്മാരോടും അനുജത്തിമാരോടും എനിക്ക് പറയാനുള്ളത്, നിങ്ങൾ ദൈവത്താൽ സവിശേഷമാംവിധം തിരഞ്ഞെടുക്കപ്പെട്ടവരാണ് എന്നുള്ളതാണ്.
ഞങ്ങളൊക്കെ ഏതു തുറകളിലെത്തിയാലും എത്രയൊക്കെ വളർന്നാലും എത്രയോപേർ ആരാധിക്കുന്ന സെലിബ്രിറ്റികളായാലും ഞങ്ങൾ ഉള്ളിൽ അനുഭവിക്കുന്ന ആത്മീയദാഹം തീർക്കാൻ നിങ്ങൾക്കേ ആകൂ…. അതിന്റെ മാധുര്യം ജീവിതത്തിൽ നുകർന്നവനായതുകൊണ്ടാണ് ഞാൻ ഇതെഴുതുന്നത്.