കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ പദ്ധതി; അറസ്റ്റിലായവർ പാക്ക് അൽ ഖായിദ പരിശീലനം നേടിയവർ

0
786

കൊച്ചി: കേരളത്തെ മുഴുവൻ ഞെട്ടിപ്പിച്ചുകൊണ്ടാണ് കൊച്ചിയില്‍ 3 അല്‍ ഖായിദ ഭീകരര്‍ പിടിയിലായെന്ന വാര്‍ത്ത ഇന്ന് രാവിലെ പുറത്തുവന്നത്. ഐഎസ് ഭീകരവാദികൾ കേരളത്തിൽ ഉണ്ടെന്നു യുഎന്‍ റിപ്പോര്‍ട്ട് വരികയും, കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചതിനു പിന്നാലെ തന്നെ കൊച്ചിയില്‍ അല്‍ ഖായിദ ഭീകരരുടെ അറസ്റ്റ് ഞെട്ടിക്കുന്നതാണ്. കെട്ടിട നിര്‍മാണ തൊഴിലാളികളുടെ വേഷത്തില്‍ കൊച്ചിയിലും പെരുമ്പാവൂരിലുമായി ഒളിച്ചു താമസിച്ച് ആക്രമണത്തിനു പദ്ധതിയിടുകയായിരുന്നു ഇവർ. ഡൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ ആസ്ഥാനമായ അൽ ഖായിദ പരിശീലിപ്പിച്ച ഒമ്പതു തീവ്രവാദികളെയാണ് എന്‍ഐഎ ഇന്നു പിടികൂടിയത്. കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ ഇവർക്ക് പരിപാടിയുണ്ടായിരുന്നു. അറസ്റ്റിലായ എല്ലാവരും ബംഗാൾ സ്വദേശികളാണ്. റെയ്ഡുകൾ തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്നും എന്‍ഐഎ അറിയിച്ചു. സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ അല്‍ ഖായിദയുമായി ബന്ധപ്പെട്ടതെന്നാണു പ്രാഥമിക നിഗമനം.

ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനായി സംഘം വന്‍തോതില്‍ ഫണ്ട് സമാഹരണത്തിനും ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിൽ ആക്രമണം നടത്തി സാധാരണക്കാരായ ജനങ്ങളെ കൊലപ്പെടുത്തുന്നതിനാണ് ഭീകരർ ലക്ഷ്യമിട്ടിരുന്നതെന്ന് എൻഐഎ അറിയിച്ചു. ഇവരുടെ കയ്യിൽനിന്ന് വിവിധ രേഖകള്‍, മൊബൈല്‍ ഫോണുകള്‍, ലഘുലേഖകള്‍, നാടന്‍ തോക്കുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പാക്കിസ്ഥാനിൽ പരിശീലനം സിദ്ധിച്ച ഈ ഭീകരർ ഡൽഹിയടക്കമുള്ളിടത്ത് ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായും എൻഐഎ പറഞ്ഞു.

കേരളത്തിലും കര്‍ണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയില്‍ ഉണ്ടെന്നായിരുന്നു യുഎന്‍ റിപ്പോര്‍ട്ട്. അല്‍ ഖായിദയുടെ 150 മുതല്‍ 200 വരെ ഭീകരര്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളിലുണ്ടെന്നും അവര്‍ മേഖലയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here