“മാമ്മോദീസാ, സവിശേഷമാം വിധം, വിശ്വാസത്തിന്റെ കൂദാശയാണ്, കാരണം അത് വിശ്വാസജീവിതത്തിലേക്കുള്ള പ്രവേശനത്തെ കുറിക്കുന്നു.” “നിത്യജീവന്റെ ജലത്തിന്റെ ഉറവയും” “ലോകത്തിന്റെ പ്രകാശവും” “ജീവനും പുനരുത്ഥാനവു”മായ കര്‍ത്താവായ യേശുവിന് നാം നമ്മെത്തന്നെ സമര്‍പ്പിക്കുന്നതാണ് ഈ വിശ്വാസം. അവിടത്തെ വിശ്വാസത്തോടെ സ്വികരിക്കുന്നവനെ രൂപാന്തരപ്പെടുത്തുന്ന ശക്തി സുവിശേഷത്തിലടങ്ങിയിരിക്കുന്നു. ആനന്ദത്തോടും നവീകൃത ജീവിതത്തോടും കൂടെ കര്‍ത്താവിനെ സേവിക്കാന്‍ വിശ്വാസി പഠിക്കേണ്ടതിന് സുവിശേഷം അവനെ ദുഷ്ടാരൂപിയില്‍ നിന്ന് വലിച്ചകറ്റുന്നു.
മാമ്മോദീസത്തൊട്ടിയുടെ സമീപത്തേക്കു ഒരിക്കലും ഒറ്റയ്ക്കല്ല, പ്രത്യുത സഭമുഴുവന്റെയും പ്രാര്‍ത്ഥനയാല്‍ അനുഗതരായിട്ടാണ് ഒരുവന് പോകുന്നത്. ഇത് ഭൂതോച്ചാടാന പ്രാര്‍ത്ഥനയ്ക്കും സ്നാനാര്ത്ഥികള്ക്കുള്ള തൈലം കൊണ്ടുള്ള പൂര്വമാമ്മോദീസാഭിഷേകത്തിനും മുമ്പു വരുന്ന സകലവിശുദ്ധരുടെയും ലുത്തീനിയ ഓര്‍മ്മപ്പെടുത്തുന്നു. സഭ പ്രാര്‍ത്ഥിക്കുന്നു, അവള് എല്ലാവര്ക്കും വേണ്ടി, നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ക്രിസ്തീയവിശ്വാസാര്ത്ഥികളായ മുതിര്‍ന്നവരുടെ, അതായത് പ്രായപൂര്‍ത്തിയായ കാറ്റക്കൂമെന്സിന്റെ വിശ്വാസയാത്രയില്‍ ഭൂതോച്ചാടന പ്രാര്‍ത്ഥന, അതായത്, ക്രിസ്തുവില്‍ നിന്നു വേര്‍പെടുത്തുകയും അവിടന്നുമായുള്ള ഉറ്റ ഐക്യത്തിന് പ്രതിബന്ധം സൃഷ്ടിക്കുകയും ചെയ്യുന്ന സകലത്തിലും നിന്നുള്ള മോചനത്തിനായുള്ള പ്രാര്‍ത്ഥന, വൈദികന് പലവുരു ആവര്‍ത്തിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ ഉത്ഭവപാപത്തില്‍ നിന്നു മോചിപ്പിക്കാനും പരിശുദ്ധാരൂപിയുടെ വാസയിടമായി അവരെ മാറ്റാനും അവര്‍ക്കുവേണ്ടിയും ദൈവത്തോട് യാചിക്കുന്നു. ദുഷ്ടാരൂപിയുടെ ശക്തിയുടെ മേലുള്ള യേശുവിന്റെ വിജയം കര്‍ത്താവിന്റെ അധീശത്വത്തിന് ഇടം നല്കുന്നു. കുഞ്ഞുങ്ങള്‍ക്കുവേണ്ടി, അവരുടെ ആദ്ധ്യാത്മികവും ശാരീരികവുമായ ആരോഗ്യത്തിനുവേണ്ടി നാം പ്രാര്‍ത്ഥിക്കണം. ഈ പ്രാര്‍ത്ഥന കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണമേകാനുള്ള ഒരുപാധിയാണ്.
മാമ്മോദീസാ ഒരു മാന്ത്രിക സൂത്രവാക്യമല്ല, പ്രത്യുത, പരിശുദ്ധാരൂപിയുടെ ദാനമാണ്. സാത്താന്റെ അധികാരം ഇല്ലാതാക്കുകയും ദുഷ്ടാരൂപിയുടെ അന്ധകാരത്തില്‍ നിന്ന് മനുഷ്യനെ അനന്തമായ വെളിച്ചത്തിന്റെ സാമ്രാജ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നതിനാണ് ദൈവം സ്വസുതനെ ലോകത്തിലേക്കയച്ചതെന്ന് വിശ്വസിച്ചുകൊണ്ട് തിന്മയുടെ അരൂപിക്കെതിരെ പോരാടാന്‍ പരിശുദ്ധാരൂപിയുടെ ഈ ദാനം സ്വീകരിക്കുന്നവനെ അത് പ്രാപ്തനാക്കുന്നു. ദൈവത്തില്‍ നിന്നും അവിടത്തെ ഹിതത്തില്‍ നിന്നും അവിടന്നുമായുള്ള ഐക്യത്തില്‍ നിന്നും അകലാനും ലോകത്തിന്റെ കെണികളില്‍ വീണ്ടും വീഴാനുമുള്ള പ്രലോഭനത്തിന് വിധേയമാണ് ക്രിസ്തീയജീവിതം എന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു.
പ്രാര്‍ത്ഥനയ്ക്കു പുറമെ, സ്നാര്‍ത്ഥികള്‍ക്കായുള്ള തൈലം നെഞ്ചില്‍ പൂശുന്ന ഒരു ചടങ്ങുമുണ്ട്. സ്നാനത്തൊട്ടിയെ സമീപിക്കുകയും പുതുജീവനിലേക്ക് വീണ്ടും ജനിക്കുകയും ചെയ്യുന്നതിനു മുമ്പ് സാത്താനെയും പാപത്തെയും ഉപേക്ഷിക്കാനുള്ള ശക്തി അതുവഴി ആര്‍ജ്ജിക്കുന്നു. ശരീരകോശങ്ങള്ക്കുള്ളിലേക്കിറങ്ങി ശരീരത്തിന് ഗുണം ചെയ്യാന്‍ തൈലത്തിനുള്ള കഴിവ് പരിഗണിച്ച് പൂര്‍വ്വികര്‍ പേശികള്‍ ബലപ്പെടുത്തുന്നതിനും ഒപ്പം ശത്രുക്കളില്‍ നിന്ന് വഴുതിമാറുന്നതിനും എണ്ണ ഉപയോഗിച്ചിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ്, മാമ്മാദീസാര്ത്ഥികളെ, മെത്രാന് ആശീര്‍വ്വദിച്ച, തൈലം കൊണ്ടു പൂശുന്ന പ്രതീകാത്മക ചടങ്ങ് പുരാതന ക്രൈസ്തവര്‍ നടത്തിപ്പോന്നിരുന്നത്. രക്ഷയുടെ ഈ അടയാളത്താല്‍, രക്ഷകനായ ക്രിസ്തുവിന്റെ ശക്തി തിന്മയ്ക്കെതിരെ പോരാടുന്നതിനും ജയിക്കുന്നതിനും ശക്തി പകരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
തിന്മയ്ക്കെതിരെ പോരാടുകയും അതിന്റെ കെളികളില് നിന്നു രക്ഷപ്പെടുകയും കഠിനമായ ഒരു പോരാട്ടാത്തിനു ശേഷം പൂര്‍വ്വസ്ഥിതിയിലേക്കു വരുകയും ചെയ്യുക ആയാസകരമാണ്. എന്നാല്‍ നാമറിയണം, ക്രിസ്തീയജീവിതം മുഴുവന്‍ ഒരു പോരാട്ടാമാണ്. എന്നാല്‍ നാം ഒറ്റയ്ക്കല്ല, സഭാമാതാവ് സ്വന്തം മക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്.
ഈ ലോകത്തിന്റെ അധികാരിയെ പരാജയപ്പെടുത്തിയ ഉത്ഥിതനായ കര്‍ത്താവിനാല്‍ ശക്തരായി നമുക്കും വിശുദ്ധ പൗലോസിനോടൊപ്പം ആവര്‍ത്തിക്കാം :” എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും” (ഫിലിപ്പിയര്‍4,13) നമുക്കെല്ലവര്‍ക്കും ജയിക്കാന്‍, സകലത്തെയും കീഴടക്കാന്‍ സാധിക്കും, എന്നാല്‍ യേശുവില്‍ നിന്നു വരുന്ന ശക്തികൊണ്ടു മാത്രമേ അതു സാധ്യമാകൂ.
Kingdom Fighter
Catholic Church News Portal