ഈ വിളി എല്ലാവര്‍ക്കും സാധ്യമല്ല. യേശു പേര് ചൊല്ലി വിളിച്ചവര്‍ക്കെ ഇതു സാധിക്കൂ…

0
261

സന്ന്യാസ ജീവിതത്തെക്കുറിച്ചുള്ള തെറ്റായ കാഴ്‌ച്ചപ്പാടിൽനിന്നുമുണ്ടായ തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനകളാണ് ഇതെഴുതാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്..
1. യേശുവിന്റെ സ്നേഹത്താലും വ്യക്തിത്വത്താലും വശീകരിക്കപ്പെട്ട ഞങ്ങളെ യേശുവിന്‍റെ സ്നേഹം നിര്‍ബന്ധിച്ചപ്പോളാണ് , അവിടുത്തെ അനുഗമിക്കാനായി അതിരറ്റ സ്നേഹ വാല്‍സല്ല്യങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കികൊണ്ടിരുന്ന പ്രീയപ്പെട്ട മാതാപിതാക്കളെയും സഹോദരങ്ങളെയും കൂട്ടുകാരെയുമൊക്കെ കുപ്പപോലെ വലിച്ചെറിഞ്ഞ് , സ്വമനസാ ഞങ്ങള്‍ സന്യാസത്തെ ആഞ്ഞുപുല്‍കിയത്.സന്യാസജീവിതം ത്യാഗപൂര്ണമാണെന്നു പറഞ്ഞു അനേകർ ഞങ്ങളെ തടഞ്ഞിട്ടും, ലോകത്തെയും അത് വെച്ചുനീട്ടുന്ന സന്തോഷങ്ങളെയും സുഖാനുഭവങ്ങളെയും സ്വമനസാ തൃണവല്‍ക്കരിച്ചിറങ്ങി പോന്നത് ഞങ്ങള്‍ക്ക്‍ ഈ ലോകത്തില്‍ എന്തെങ്കിലും നേടാനോ സ്വന്തമാക്കാനോ ആയിരുന്നില്ല, ഈശോയെ സ്വന്തമാക്കാനും അവിടുത്തെ മക്കളായ ലോകത്തിലുള്ള എല്ലാ സഹോദരങ്ങള്‍ക്കുമായി യേശുവിന്റെ സ്നേഹത്തോടെ ഞങ്ങളെത്തന്നെ വ്യയം ചെയ്ത് യേശു വിഭാവന ചെയ്ത ദൈവരാജ്യം പടുത്തുയർത്താനുമാണ്.. ഈ വിളി ആർക്കും തടയാനാവുന്നതല്ല… ആരെയും അടിച്ചേല്പിക്കാവുന്നതുമല്ല.. അങ്ങനെ ആരെങ്കിലും ഈ വിളി സ്വീകരിച്ചാൽ, അവർക്കധികനാൾ സന്യാസത്തിൽ നിൽക്കാനുമാവില്ല.. കാരണം ഇത് ദൈവമായ യേശുവിന്റെ വിളിയാണ്..

2. സന്ന്യാസ ഭവനത്തിലേക്ക്‌ ഞങ്ങള്‍ വന്നയുടനെ ആരും ഞങ്ങളെ പിടിച്ച് sister ആക്കുകയായിരുന്നില്ല. ആറു വര്‍ഷത്തോളം നീളുന്ന ആദ്യഘട്ട പരിശീലനകാലത്ത്, ആത്മീകവും മാനസീകവും ശാരീരികവുമായ വളര്‍ച്ചക്കുള്ള എല്ലാ സാഹചര്യങ്ങളും ഞങ്ങള്‍ക്ക് തന്ന്‍, സന്ന്യാസജീവിതത്തെക്കുറിച്ചും, അതിനുള്ള വെല്ലുവിളികളെക്കുറിച്ചും വ്യക്തമായ അവബോധവും പരിശീലനവും നല്‍കിയ ശേഷമാണ് സഭാവസ്ത്രം നല്‍കി, ആദ്യ വ്രതാര്‍പ്പണത്തിന് അവസരംനല്‍കുന്നത്. പിന്നീടും ആറു മുതല്‍ ഒന്‍പതുവരെ നീണ്ട വര്‍ഷങ്ങള്‍ ആത്മവിചിന്തനത്തിനും തീരുമാനങ്ങളുടെ പുനപരിശോധനയ്ക്കും അവസരമുണ്ട്. ഈ കാലയളവുകൊണ്ട് ഏറ്റവും കുറഞ്ഞത്‌ 25-26 വയസ്എങ്കിലും എത്തിയതിനുശേഷമാണ് സന്ന്യാസത്തിന്റെ അടിത്തറയായ അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ വ്രതങ്ങള്‍ നിത്യമായി അനുഷ്ഠച്ചുകൊള്ളാമെന്നു സ്വതന്ത്ര മനസോടെ ഞങ്ങള്‍ യേശുവിനോട് ഉടമ്പടി ചെയ്യുന്നതും ലോക സമക്ഷം പ്രഖ്യാപിക്കുന്നതും. ഇതിനിടയില്‍ , ഈ ജീവിതശൈലി അസാധ്യമെന്ന്‍ ബോധ്യംവന്നാല്‍ ഞങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സ്വഭവനത്തിലേക്ക് തിരികെപോരാന്‍ അവസരമുണ്ട്. അധികാരികള്‍ക്ക് അവളെ തിരിച്ച്അയക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട് . കാരണം ഈ വിളി എല്ലാവര്‍ക്കും സാധ്യമല്ല. യേശു പേര് ചൊല്ലി വിളിച്ചവര്‍ക്കെ, കൃപലഭിച്ചവര്‍ക്കെ ഇതു സാധിക്കൂ.

3. സന്യാസ ഭവനത്തില്‍ കാലുകുത്തുന്ന അന്നുമുതല്‍ ഞങ്ങളുടെ മനസിന്‍റെ ഭാവങ്ങളും ഭാരങ്ങളും പങ്കുവെയ്ക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമായി കഴിവും പക്വതയും അറിവും മാതൃഭാവങ്ങളുമുള്ള ഏറ്റവും മികച്ച sisters നെ തന്നെയാണ് അധികാരികള്‍ ഞങ്ങള്‍ക്കായി നിയോഗിക്കുക.സന്തോഷങ്ങളും സംഘര്‍‍ഷങ്ങളും തുറന്നു പറഞ്ഞ്, യേശുവിന്‍റെ വ്യക്തിത്വത്തോട് അനുരൂപപ്പെടാനുള്ള ഞങ്ങളുടെ പരിശ്രമത്തില്‍ ഇവരുടെ സഹായം സന്യാസജീവിതകാലം മുഴുവന്‍ ഞങ്ങള്‍ക്കുണ്ട്‌…വിശ്വാസ വീക്ഷണമുള്ളവര്‍ക്ക് സന്യാസജീവിതം ഒരു ഏകാന്ത ജീവിത തടവറയല്ല.. എല്ലാം എല്ലാവര്‍ക്കുമായി പങ്കുവെക്കുന്ന കുടുംബാരൂപി നിറഞ്ഞ ദൈവിക ഭവനമാണിത്.

4….പൂര്‍ണഹ്രദയത്തോടെയേശുവിനെസ്നേഹിക്കാനും യേശുവിനല്ലാതെ മറ്റൊരു വ്യക്തിക്കോ പ്രത്യയശാസ്ത്രത്തിനോ മനസ്സിലൊ ശരീരത്തിലോ സ്ഥാനമില്ലാത്തവിധം കര്‍ത്താവിന് സമ്പൂര്ണമായി‍ സമര്‍പ്പിക്കാനും മനുഷ്യരാശിയെ മുഴുവനും മാതൃഹൃദയത്തോടെ സ്വന്തം മക്കളായി സ്വീകരിക്കാനും സഹായിക്കുന്ന വൃതമാണ് ബ്രഹ്മചര്യം. ഇത് ലൈംഗികതയുടെ അടിച്ചമര്‍ത്തലല്ല ,മറിച് ഞങ്ങളുടെ മനസും ശരീരവും ആത്മാവും ഗ്രസിച്ച യേശുവെന്ന വ്യക്തിക്കുള്ള വധൂസഹജമായ സമര്‍പ്പണമാണ്…ഒരു നല്ല ഭാര്യ, ജീവൻ പോയാലും തന്റെ ശരീരം മറ്റൊരു വ്യക്തിക്ക് കാഴ്ചവെക്കാത്തതുപോലെ സമർപ്പിതയും യേശുവിനു സമർപ്പിച്ച തന്റെ കന്യകാത്വ ത്തെ സ്വന്തം ജീവനേക്കാൾ വിലമതിക്കും.മരിക്കേണ്ടിവന്നാലും തന്റെ ജീവനുള്ള ശരീരത്തിൽ പാപം ചെയ്യാൻ ഒരു യഥാർത്ഥ സന്യാസിനി അനുവദിക്കില്ല… ഇതിനു വിശ്വസ്തത കൂടിയേതീരു. ഈ വിശ്വസ്തതയ്ക്ക് ഭംഗം നേരിട്ടാല്‍ അവളുടെ ഹൃദയം മറ്റു പലരിലും മറ്റു പലതിലും തട്ടി തകരും. പിന്നീട് അവിശ്വസ്തതയുടെയും അവിഹിത ബന്ധങ്ങളുടെയും ചീഞ്ഞു നാറലായിരിക്കും. ഇത് സംഭാവിക്കാതിരിക്കത്തക്കവിധമാണ് എല്ലാ സന്യാസ സമൂഹത്തിലെയും നിയമങ്ങള്‍. തങ്ങളുടെ വഴിവിട്ട വ്യാപാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന ചങ്ങലകളായി നിയമങ്ങളെയും അധികാരികളെയും കാണുന്നവരാണ് ‘പെട്ടു പോയി’ എന്ന ചിന്തയില്‍ പുറം ചാടി നടക്കുന്നതും
അവസാനം എല്ലാവര്‍ക്കും ഉതപ്പാകുന്നതും.

5. ലോകത്തിലുള്ളവര്‍ സ്വന്തം താല്‍ പര്യങ്ങളെ പൂവിട്ട്പൂജിക്കുമ്പോള്‍ , ഞങ്ങള്‍ സ്വന്തം മനസിനെ യേശുവിനും അവിടുത്തെഹിതത്തിനും ‍ സ്വമനസ്സാ അടിയറവെക്കുന്ന അനുസരണത്തില്‍ ” thrill ” കണ്ടെത്തുന്നു. യേശുവിന്‍റെ ഹിതത്തോട് സ്വന്തം ഹിതം ഒന്നാക്കുന്നതിലാണ് സന്യാസജീവിതത്തിന്‍റെ വിജയം … തിരുവചനത്തിലൂടെയും, സന്യാസസമൂഹത്തിന്റെ നിയമാവലിയിലൂടെയും അധികാരികളിലൂടെയും (നന്മയായത് ഞങ്ങള്‍ക്ക് അനുവദിക്കുന്ന, തിന്മയായത് തിന്മയാകുമെന്നു പറഞ്ഞ് മനസിലാക്കിതന്നു അത് നിഷേധിക്കുന്ന അധികാരികളാണവര്‍ ) ദൈവഹിതം കണ്ടെത്താന്‍ ഞങ്ങള്‍ക്കാകുന്നു.(വിശ്വാസവീക്ഷണമാണിതിന് ഏറ്റവും ആവശ്യം.. )അതിനാല്‍ അധികാരികള്‍ക്ക് വിധേയരാകുന്നതും, അനുവാദം ചോദിക്കുന്നതുമെല്ലാം‍ ആത്മീയാനന്ദം ഞങ്ങളില്‍ നിറച്ച്‌ ആത്മാവിന്‍റെ കൃപകളാല്‍ ഞങ്ങളെ പൂരിതരാക്കുകയും (അപ്പ 5/32) ഞങ്ങളുടെ ജീവിതം ഐശ്വര്യപൂർണ്ണ മാക്കുകയും (എശ 1/19)ചെയ്യും.. ഈയൊരു കാഴ്ച്ചപ്പാടില്ലാത്തവര്‍ക്ക് ഇതെല്ലാം അടിമത്തമായും അസ്വാതന്ത്ര്യമായും മാത്രമേ അനുഭവപ്പെടൂ.

തന്നിഷ്ടം പൊന്നിഷ്ട്മാക്കി, തോന്നിയപോലെ ജീവിക്കുന്നത് സന്യാസമല്ല; തോന്ന്യാസമാണ്. തോന്ന്യാസിക്കുള്ള സ്ഥലമല്ല സന്യാസം. അവര്‍ക്ക് സന്യാസത്തില്‍ തുടരാനുമാകില്ല. അധികം വൈകാതെ അവര്‍ സന്യാസത്തില്‍നിന്നു പുറം ചാടുകയും ചെയ്യും. അങ്ങനെ തങ്ങളുടെ തോന്ന്യാസത്തിനും അവിശ്വസ്തതയ്ക്കും സന്യാസം തടസ്സമാകുമെന്ന് മനസിലാക്കി പുറം ചാടിയ ചിലരുടെ വാക്കുകളെ ഏറ്റുപറയാനും പൊക്കിപിടിക്കാനും നാം പോകുമ്പോള്‍ , നമ്മുടെ മക്കളോടും കുടുംബാംഗങ്ങളോടും തോന്ന്യാസികളാകാന്‍ നിശബ്ധമായ ഭാഷയില്‍ നാം തന്നെ ആഹ്വാനം ചെയ്യുകയാണെന്ന് ഓര്‍ക്കണം. നമുക്കു ചുറ്റുമുള്ള ഏതുനല്ല കുടുംബത്തിലും മക്കള്‍ മാതാപിതാക്കളെ അനുസരിക്കില്ലേ? എങ്കില്‍ പിന്നെ അനുസരണം വ്രതമായെടുക്കുന്ന സന്യാസത്തിലെ വിധേയത്വത്തെ വളച്ചൊടിച്ചു പര്‍വതീകരിക്കുന്നതെന്തിനാണ്?
സ്വന്തം മനസിന്‍റെ ഉപേക്ഷ അനുസരണവ്രതത്തിന്‍റെ കാതലാണെങ്കിലും, സ്വാഭിപ്രായങ്ങള്‍ തുറന്ന് പറയാനുള്ള സാഹചര്യങ്ങളും ഞങ്ങള്‍ക്ക് സഭ നിയമപരമായിതന്നെ അനുവധിച്ചുതന്നിട്ടുണ്ട്. സ്വന്തം ഇഷ്ടങ്ങളെ‍ ത്യജിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍, ഞങ്ങള്‍ക്ക് നന്മയായിട്ടുള്ളതും ആവശ്യമായിട്ടുള്ളതും ഞങ്ങള്‍ ചോദിക്കുന്നതിനുമുന്‍പേ ചെയ്തുതരാന്‍ കഴിവുറ്റ(എഫ 3/20) ദൈവമായ യേശുവിന്റെ ‍ കൂടെയാണ് ഞങ്ങള്‍ വസിക്കുന്നതെന്ന തിരിച്ചറിവ് ഞങ്ങള്‍ക്ക് സമചിത്തതയും ആത്മീയാനന്ദവും നല്‍കാന്‍ ധാരാളമാണ്. അതിന് ലോകാരൂപിയും സ്വാര്‍ഥതാല്പര്യങ്ങളും നിറഞ്ഞ ജഡിക മനുഷ്യന്‍റെ ആശ്വാസ വചനങ്ങളും സഹായസഹകരണങ്ങളും ഞങ്ങള്‍ക്ക് ആവശ്യമില്ല.

6. തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ ആര്‍ക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല എന്ന് പറഞ്ഞ യേശുവാകുന്ന അനശ്വര നിധിസ്വന്തമാക്കുന്നതിനും അവനോടു കുടി ഒന്നായി കാണപെടുന്നതിനും (ഫിലി 3/8,9)ദാരിദ്ര്യവ്രതം ഞങ്ങളെ സഹായിക്കുന്നു . വ്യക്തിപരമായും സമൂഹപരമായും ആവശ്യമായെതെല്ലാം സമൂഹം തന്നെ ഞങ്ങള്‍ക്കു നല്‍കുന്നുണ്ട്. ദാരിദ്ദ്ര്യാരൂപി കുറയുമ്പോള്‍ ലോകാരൂപി കൂടും ലോകാരൂപി കൂടിയാല്‍ “വാലാരൂപി” കേറും..കൂടെ അവിഹിത ബന്ധങ്ങളും. അസംതൃപ്തരായ ഇത്തരക്കാര്‍ സന്യാസത്തില്‍ നിന്ന്‍ ചാടും. ഈ കൂട്ടരാണ് ‘അത്യാവിശ്യത്തിനു നാണം മറയ്ക്കാനുള്ള തുണി പോലും കിട്ടിയില്ല’ എന്ന കണക്കുപറയുന്നത്. അവരെ കുറ്റപെടുത്തിയിട്ട് കാര്യമില്ല. എത്ര മാത്രം വെള്ളം കിട്ടിയാലും മതി എന്ന് പറയാത്ത കടല്‍ പോലെയാണ് അവരുടെ അന്ത:രംഗം. (അവർ അംഗങ്ങളായിരുന്ന സന്യാസസമൂഹങ്ങൾ നിശ്ശബ്ദത പാലിക്കുന്നത് അവരെപ്പോലെ തങ്ങളും cheap ആകണ്ട എന്നുകരുതിയും യേശുവിന്റെ ക്ഷമിക്കുന്ന സ്നേഹമുള്ളതുകൊണ്ടുമാണ്…. ) സ്‌റ്റൈൽ ഉള്ള വസ്‌ത്രങ്ങളിലും ആഭരണങ്ങളിലും ഭോഗാസക്തി ജ്വലിപ്പിക്കുന്ന സുഖഭോഗങ്ങളിലും കണ്ണുറപ്പിക്കുന്ന വ്യക്തിക്ക് സന്യാസിനി ആകാന്‍ പറ്റില്ല. ലളിത ജീവിതവും അത്ദ്വാനവും ഇതിന്റെ ഭാഗമാണ് . ഒരു സന്യാസിനിയുടെ മനസ്സ് സ്വന്തം വീട്ടുകാര്യ ങ്ങളില്‍ കുടുങ്ങിയാല് നശിപ്പിക്കപ്പെടാനുള്ള വസ്തുവായി അവള് മാറും . അവളെ വീട്ടിലേയ്ക്ക് ആകര്‍ഷിക്കുന്നവരും തകര്‍ച്ച ഏറ്റ് വാങ്ങും.
യേശുവിനോടുള്ള ആഴമേറിയ ബന്ധത്തിലും ക്ഷമിക്കുന്ന സഹോദര സ്നേഹത്തിലും ഞങ്ങളെ ആഴപെടുത്തുന്ന നിമിഷങ്ങളാണ് പ്രാര്‍തഥനയും ധ്യാനവും .. ഇക്കാര്യത്തില്‍ വിശ്വസ്തതയുണ്ടെങ്കില്‍ സമര്‍പ്പിതജീവിതത്തിന്റെ ആനന്ദം അനുഭവിക്കാം .ലോകം മുഴുവനും വേണ്ടി ദൈവാനുഗ്രഹം നേടി കൊടുക്കാനും ഞങ്ങൾ ഏറെ സമയം പ്രാർത്ഥിക്കുന്നു.. എത്ര തിരക്ക് പിടിച്ച ജീവിതമാണെങ്കിലും ധ്യാനത്തിനായി സമയം കണ്ടെത്തിയില്ലെങ്കിൽ …,യേശുവിൽ മാത്രം കണ്ണുറപ്പിച്ചില്ലെങ്കിൽ… ലോകമോഹങ്ങളാൽ ഹൃദയം വശീകരിക്കപ്പെടാതെ കാത്തുസൂക്ഷി ച്ചില്ലെങ്കിൽ സമർപ്പിതയും അഭിഷിക്തനുമൊക്കെ തങ്ങളുടെ സന്യാസ സമൂഹത്തിനും സഭയ്ക്കും വരുത്തുന്ന ദുരന്തം വലുതായിരിക്കും.സമീപകാല അനുഭവങ്ങൾ അതാണ്‌ നമ്മെ പഠിപ്പിക്കുന്നത്..
പ്രിയ്യപ്പെട്ടവരെ ..ഇനി നിങ്ങള്‍ പറയ്‌ – ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങളുടെ കാരണം എന്തെന്ന് …കാരണക്കാര്‍ ആരെന്ന്‍..! സഭയും സന്യാസ സമൂഹങ്ങളും എന്തുപിഴച്ചു എന്ന്‍…!ആർക്ക് ആരെ വിധിക്കാനാവും എന്ന്.. ! പതിനായിരങ്ങളിലൊന്നിന് വീഴ്ച വന്നൂയെന്നുകരുതി എല്ലാവരെയും ദുഷിക്കരുത്… ഈ വീഴ്ച യേശുവിന്റെ സ്വന്തം ശിക്ഷ്യസമൂഹത്തിലെ യൂദാസിനുപോലും വന്നില്ലേ..? എന്നിട്ട് സഭ അവസാനിച്ചോ? ആർക്കും വ്യാമോഹം വേണ്ടാ…. സഭ തകരുമെന്ന്… ! സന്യാസവും പൗരോഹിത്യവും…അവസാനിക്കുമെന്ന്… !അതേസമയം വിളിക്കപ്പെട്ടവർ ആഴത്തിൽ ഗ്രഹിക്കട്ടെ ഒരു വിശുദ്ധികരണത്തിനു തയ്യാറായില്ലെങ്കിൽ കർത്താവ് തന്നെ വേലിപൊളിച്ച് അവഹേളനത്തിന് (എശയ്യ 5 /2-5) വിട്ടുകൊടുക്കുമെന്ന്… !

LEAVE A REPLY

Please enter your comment!
Please enter your name here