റോമന്‍ കത്തോലിക്കാ റീത്തിലും പൗരസ്ത്യ റീത്തുകളിലും വ്യത്യസ്ത സമയങ്ങളില്‍ സ്ഥൈര്യലേപനം എന്ന കൂദാശ നല്കുന്നതുകൊണ്ട് കത്തോലിക്കാ വിശ്വാസികള്‍ക്കിടയില്‍ ഉയരാറുള്ള ചോദ്യമാണ് ഏതു പ്രായത്തിലാണ് സ്ഥൈര്യലേപനം സ്വീകരിക്കുക എന്നത്. കാരണം റോമന്‍ റീത്തിലെ പാരമ്പര്യമനുസരിച്ച് കുട്ടികള്‍ക്കു തിരിച്ചറിവിന്റെ പ്രായത്തിലാണ് സ്ഥൈര്യലേപനം നല്‍കുക. എന്നാല്‍ പൗരസ്ത്യ സഭകളില്‍ ജ്ഞാനസ്നാനത്തോടു ചേര്‍ന്നുതന്നെ വി.കുര്‍ബാനയും സ്ഥൈര്യലേപനവും നല്‍കാറുണ്ട്. അക്കാരണത്താലാണ് ഏതുരീതിയാണു ശരി എന്ന ചോദ്യം വിശ്വാസികള്‍ക്കിടയില്‍ ഉണ്ടാകുന്നത്. ഇക്കാര്യത്തില്‍ ശരിതെറ്റുകള്‍ പറയാനാവില്ല. കാരണം സഭകളുടെ പാരമ്പര്യവും ദൈവശാസ്ത്രപരമായ ഊന്നലുകളും ഈ രീതികള്‍ക്കു പിന്നിലുണ്ട്.
ആദിമസഭയില്‍ ജ്ഞാനസ്നാനവും സ്ഥൈര്യലേപനവും ഒരുമിച്ചാണു നല്‍കിയിരുന്നത്. വി. സിപ്രിയാന്റെ ശൈലിയില്‍ ജ്ഞാനസ്നാനത്തോടൊപ്പം നല്‍കിയിരുന്ന ഇരട്ടക്കൂദാശ ആയിരുന്നു സ്ഥൈര്യലേപനം. മെത്രാനായിരുന്നു ഈ കൂദാശകളുടെ കാര്മികന്. സഭ വളരുവാന്‍ തുടങ്ങിയപ്പോള്‍ മെത്രാന്മാര്ക്ക് എല്ലായിടത്തുമെത്തി ജ്ഞാനസ്നാന ആഘോഷം നടത്തുവാന്‍ കഴിയാതെയായി. ആ സാഹചര്യത്തില്‍, ഒരുമിച്ചു നല്‍കിയിരുന്ന ഈ രണ്ടു കൂദാശകളെ വേര്‍പെടുത്തി. പുരോഹിതര്‍ ജ്ഞാനസ്നാനം നല്‍കുകയും സ്ഥൈര്യലേപനം എന്ന കൂദാശയുടെ സാധാരണ കാര്മികന് മെത്രാന് മാത്രമായി നിശ്ചയിക്കുകയും ചെയ്തു. റോമന്‍ റീത്തില്‍ ഇപ്പോഴും ഈ പാരമ്പര്യം തുടര്‍ന്നുപോരുന്നു. എന്നാല്‍ പൗരസ്ത്യസഭകളില്‍ ജ്ഞാനസ്നാനത്തോടൊപ്പം നല്കുന്നതുകൊണ്ട് വൈദികന്തന്നെയാണു സ്ഥൈര്യലേപനത്തിന്റെയും സാധാരണ കാര്മികന്.
തിരിച്ചറിവിന്റെ പ്രായം എന്നതിനു കൃത്യമായ ഒരു വയസ്സ് നിശ്ചയിക്കുക സാധ്യമല്ല. സ്വീകരിക്കാന്‍ പോകുന്ന കൂദാശയുടെ മഹത്ത്വവും ഗൗരവവും മനസ്സിലാക്കാന്‍ കഴിയുന്ന പ്രായം എന്നു കരുതിയാല്‍ മതിയാകും. സാധാരണ അപ്പത്തില്‍ നിന്നും അപ്പത്തിന്റെ രൂപത്തിലുള്ള ഈശോയുടെ ശരീരത്തിനു വ്യത്യാസമുണ്ടെന്നു കുട്ടിക്ക് ഗ്രഹിക്കാനാവുന്ന പ്രായം എന്ന് പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള പ്രായത്തെക്കുറിച്ചു ചിന്തിക്കുന്നപോലെയാണ് ഇതിനെക്കുറിച്ചും മനസ്സിലാക്കേണ്ടത്.
പൗരസ്ത്യസഭകളില്‍ എന്തുകൊണ്ടാണ് ജ്ഞാനസ്നാനത്തോടൊപ്പം സ്ഥൈര്യലേപനവും നല്‍കുന്നത് ?
ജ്ഞാനസ്നാനം, സ്ഥൈര്യലേപനം, വി. കുര്‍ബാന എന്നീ കൂദാശകളെ പ്രാരംഭകൂദാശകള്‍ എന്നു വിളിക്കാറുണ്ട്. ക്രിസ്തീയജീവിതം നയിക്കുവാനായി ഒരുവനു വേണ്ട കൃപകള്‍ നല്കുന്ന കൂദാശകള്‍ എന്ന അര്‍ഥത്തിലാണ് പ്രാരംഭകൂദാശകള്‍ എന്നു വിളിക്കുന്നത്. ജ്ഞാനസ്നാനത്തോടെയാണ് ക്രൈസ്തവജീവിതം ആരംഭിക്കുന്നത് എന്നതിനാല്‍ അതിനോടൊപ്പം മറ്റു രണ്ടു കൂദാശകളും നല്‍കേണ്ടതുണ്ട് എന്നു പൗരസ്ത്യസഭകള്‍ കരുതുന്നു. അതിനാലാണ് ഈ മൂന്നു കൂദാശകളും ഒരുമിച്ചുകൊടുക്കുന്നത്. (ജ്ഞാനസ്നാനത്തോടൊപ്പം ദിവ്യകാരുണ്യവും നല്കിയതിനുശേഷം തിരിച്ചറിവിന്റെ പ്രായത്തില്‍ വീണ്ടും ആഘോഷപൂര്‍വം ദിവ്യകാരുണ്യസ്വീകരണകര്മം നടത്തുന്നതിന്റെ സാംഗത്യം വ്യക്തമല്ല.)
റോമന്‍ കത്തോലിക്കാ റീത്തില്‍ സ്ഥൈര്യലേപനം തനിച്ചുകൊടുക്കുന്നത് എന്തുകൊണ്ടാണ് ?
1. പൗരസ്ത്യറീത്തീല് കൂദാശകളുടെ ഐക്യത്തിനു (പ്രാരംഭകൂദാശകള്‍ എന്ന ഐക്യത്തിന്) ഊന്നല്‍ നല്കുമ്പോള് അപ്പസ്തോലിക സ്ഥാനത്തു നില്ക്കുന്ന മെത്രാനോടുള്ള ഐക്യത്തിനാണു റോമന്‍സഭ പ്രാധാന്യം നല്‍കുന്നത്. അതിനാലാണ് മെത്രാന് സ്ഥൈര്യലേപനം നല്കുന്ന പാരമ്പര്യം പിന്തുടര്ന്നുപോന്നത്. കുഞ്ഞിന്റെ ജ്ഞാനസ്നാനാവസരത്തില്‍ സന്നിഹിതനാകാന്‍ മെത്രാനു സാധിക്കാത്തതിനാല്‍ കുട്ടികള്‍ തിരിച്ചറിവിന്റെ പ്രായത്തില്‍ ശരിയായ ഒരുക്കം നേടിയതിനുശേഷം മെത്രാനില്‍ നിന്നും ക്രൈസ്തവ പൂര്‍ണതയുടെ കൂദാശ സ്വീകരിക്കുന്നു. പൗരോഹിത്യത്തിന്റെ പൂര്‍ണതയാണു മെത്രാന് സ്ഥാനം (മൂന്നാം പട്ടം) എന്നതിനാല്‍ ക്രൈസ്തവപക്വതയുടെ കൂദാശയായ സ്ഥൈര്യലേപനം മെത്രാനില്‍ നിന്നും സ്വീകരിക്കുക എന്ന ചിന്തയും ഇതിലടങ്ങിയിട്ടുണ്ട്.
2. ആദിമസഭയില്‍ പരിശുദ്ധാത്മാഭിഷേകം കൈവയ്പിലൂടെയായിരുന്നു പകര്‍ന്നിരുന്നത് (അപ്പ പ്ര 8:17). സ്ഥൈര്യലേപനത്തില്‍ പ്രതിഷ്ഠാതൈലത്തിന്റെ ലേപനം മാത്രമല്ല, കൈവയ്പ്പുകൂടി ഉള്‍പ്പെട്ടിരിക്കുന്നു. അപ്പസ്തോലിക പിന്തുടര്ച്ചാ സ്ഥാനത്തു നില്ക്കുന്നയാള് എന്ന നിലയില്‍ മെത്രാന്റെ കൈവയ്പിനു അധികാരസ്ഥാനത്തിന്റേതായ ആധികാരികത കൂടിയുണ്ട്. ആരാധനാക്രമത്തില്‍ സ്ഥൈര്യലേപനാര്ഥികളുടെമേല് കൈനീട്ടിക്കൊണ്ട് മെത്രാന് പരിശുദ്ധാത്മാവിനെ വര്‍ഷിക്കുന്നതിനായി പ്രാര്‍ഥിക്കുന്നത് ഇതു വ്യക്തമാക്കുന്നു. മെത്രാനെ സ്ഥൈര്യലേപനത്തില്‍ കാര്‍മികനായി നിശ്ചയിച്ചതിനു പിന്നില്‍ ഇക്കാരണവും ഉണ്ടാകാം.
3. ശിശു ജ്ഞാനസ്നാനം സഭയില്‍ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ ജ്ഞാനസ്നാനം സ്വീകരിക്കുമ്പോള്‍ താന്‍ സ്വീകരിക്കുന്ന വിശ്വാസത്തെക്കുറിച്ച് കുഞ്ഞിന് ഒരറിവും ഇല്ല എന്ന കാര്യം വിസ്മരിക്കാവതല്ല. അതിനാല്‍ കുഞ്ഞിനുവേണ്ടി ജ്ഞാനസ്നാന മാതാപിതാക്കളാണ് വിശ്വാസം ഏറ്റുപറയുന്നത്. എന്നാല്‍ തിരിച്ചറിവിന്റെ പ്രായത്തില്‍ നല്കുന്നതുകൊണ്ട് പരിമിതമായ അളവിലാണെങ്കിലും അര്‍ഥമറിഞ്ഞും സ്വയം വിശ്വാസം ഏറ്റുപറഞ്ഞുംപരിശുദ്ധാത്മാവിന്റെ കൃപയുടെ പൂര്‍ണത സ്വീകരിക്കുവാന്‍ സ്വീകര്‍ത്താവിനു സാധിക്കുന്നു. ഇക്കാരണത്താലാണ് മുതിര്‍ന്നവര്‍ ജ്ഞാനസ്നാനം സ്വീകരിക്കുമ്പോള്‍ അതിനോടൊപ്പം വി.കുര്‍ബാനയും സ്ഥൈര്യലേപനവും നല്‍കുന്നത്. അവബോധത്തോടെ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നു എന്നതാണ് തിരിച്ചറിവിന്റെ പ്രായത്തിലെ കൂദാശാസ്വീകരണത്തിന്റെ പ്രായോഗിക നന്മ.
സ്ഥൈര്യലേപന സ്വീകരണത്തിനു മുമ്പ് ഒരുക്കുന്നതിന്റെ ഭാഗമായ മതബോധനം നല്‍കണമെന്നു കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം നിഷ്കര്‍ഷിക്കുന്നത് (1309) നടപ്പില്‍ വരുത്തണമെങ്കില്‍ തിരിച്ചറിവിന്റെ പ്രായത്തില്‍ നല്‍കിയാലേ സാധിക്കൂ.