കര്‍ത്താവു സ്വന്തം രക്‌തത്താല്‍നേടിയെടുത്ത ദൈവത്തിന്‍റ സഭയെ പരിപാലിക്കാന്‍ പരിശുദ്‌ധാത്‌മാവ്‌ നിയോഗിച്ചിരിക്കുന്ന അജപാലകരാണു നിങ്ങള്‍

0
258

നിങ്ങളെയും അജഗണം മുഴുവനെയുംപറ്റി നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. കര്‍ത്താവു സ്വന്തം രക്‌തത്താല്‍നേടിയെടുത്ത ദൈവത്തിന്‍െറ സഭയെ പരിപാലിക്കാന്‍ പരിശുദ്‌ധാത്‌മാവ്‌ നിയോഗിച്ചിരിക്കുന്ന അജപാലകരാണു നിങ്ങള്‍. അപ്പ. പ്രവര്‍ത്തനങ്ങള്‍ 20 : 28. ഈ ഒരു കാര്യം സഭയിലെ വൈദീകരും മെത്രാന്മാരും മറന്നുപോയതായിരിക്കാം കത്തോലിക്കാ സഭയിൽ ഇന്നുണ്ടായിരിക്കുന്ന പ്രശ്നങ്ങളുടെ കാരണം. വൈദികര്‍ തങ്ങളുടെ തിരുപ്പട്ട സ്വീകരണ സമയത്ത്, മെത്രാഭിഷേകസമയത്ത് ഒക്കെ പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്തെപ്പറ്റി ധാരാളം കേട്ടിരിക്കാം. എന്നാൽ നാം അജപാലനരംഗത്തേക്ക് പ്രവേശിച്ചുകഴിയുമ്പോൾ പരിശുദ്ധാത്മാവാണ് നമ്മെ കൈ പിടിച്ചു നടത്തുന്നത് എന്നത് നാം സൗകര്യപൂര്‍വം മറന്നുപോകുന്നു. ഈ പരിശുദ്ധാത്മാവിനെ മറന്ന് നാം പോയ വഴികളാണ് നമ്മുടെ ശുശ്രൂഷകളെ മറ്റൊരു പാതയിൽ കൊണ്ടു ചെന്നെത്തിച്ചത്. കരിസ്മാറ്റിക് നവീകരണത്തിലൂടെ ആത്മാവിന്‍ അഭിഷേകം സ്വീകരിച്ചവരെ ഉൾക്കൊള്ളാൻ പോലും സാധിക്കാത്ത വൈദീകർ കത്തോലിക്കാസഭയിൽ ഉണ്ടെന്നു പറഞ്ഞാൽ അതിൽ നിന്ന് നമുക്ക് മനസിലാവും പൗരോഹിത്യത്തെ ഈ വൈദീകർ എപ്രകാരമാണ് മനസ്സിലാക്കിയിരിക്കുന്നത് എന്ന്. കാരണം ആത്മാവിലുള്ള ശുശൂഷ ആയിരിക്കണം പുരോഹിതരുടേയും മെത്രാൻമാരുടേയും എല്ലാവിധ ശുശൂഷകളുടെയും അടിസ്ഥാനം.

പൗരോഹിത്യത്തെ ദൈവശാസ്ത്രപരമായി മനസ്സിലാക്കുമ്പോൾ വൈദീകന്‍റെ ധർമ്മങ്ങൾ നമ്മൾ നാനായി പഠിച്ചു. ഈ ധർമ്മങ്ങൾ നിർവഹിക്കുന്നതിനുള്ള ശക്തി പരിശുദ്ധാത്മാവ് നൽകുന്നു എന്നും മാത്രം നമ്മൾ മനസിലാക്കുകയും,പിന്നീട് നമ്മുടെ പ്രവർത്തനങ്ങളെല്ലാം തന്നെ നമ്മുടെ തന്നെ ശക്തിയിലുള്ളതാക്കി തീർക്കുകയും ചെയുന്നു. ലോകത്തോട് കിടപിടിക്കുന്നതിനു വേണ്ടി വിദ്യാഭ്യാസരംഗത്തായാലും ആതുരസേവനരംഗത്തായാലും സാമൂഹികരംഗത്തായാലും നമ്മൾ നമ്മുടെ തന്നെ ശക്തിയിൽ ആശ്രയിച്ച്‌ അതിനു വേണ്ടിയുള്ള വിദ്യാഭ്യാസം നേടുന്നതിനും അതിനുവേണ്ട പ്രാവീണ്യം കൈപ്പറ്റുന്നതിനുമായി ഈ കഴിഞ്ഞ ദശകങ്ങളിൽ പ്രത്യേകിച്ച് രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം പരിശ്രമിക്കുന്നു. എല്ലാ വൈദീകർക്കും പഠിക്കണമെന്നും വിദേശത്തുപോയി പഠിക്കണമെന്നും ആഗ്രഹമുണ്ട്. മെത്രാന്മാരും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതൊന്നും വേണ്ട എന്നല്ല. എന്നാൽ ഇതിൽ ആശ്രയിച്ചുകൊണ്ടുള്ള ഒരു അജപാലനം മാത്രം ആയാൽ നമ്മൾ പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്തെ മനസിലാക്കാതെ പോവുകയാണ് ചെയ്യുന്നത്.

അപ്പോളോസ് ആരാണ്? പൗലോസ് ആരാണ്? കര്‍ത്താവു നിശ്ചയിച്ചുതന്നതനുസരിച്ച് നിങ്ങളെ വിശ്വാസത്തിലേക്കു നയിച്ച ശുശ്രൂഷകര്‍ മാത്രം. ഞാന്‍ നട്ടു; അപ്പോളോസ് നനച്ചു; എന്നാല്‍, ദൈവമാണു വളര്‍ത്തിയത്. അതുകൊണ്ട്, നടുന്നവനോ നനയ്ക്കുന്നവനോ അല്ല വളര്‍ത്തുന്നവനായ ദൈവത്തിനാണ് പ്രാധാന്യം. 1 കോറി 3-5. നമ്മുടെ പൌരോഹിത്യത്തെക്കുറിച്ചുള്ള വീക്ഷണത്തില്‍ നിന്ന് നാം കുറച്ചു കൂടി ദൈവജനത്തിനു ശുശ്രൂഷചെയ്യുന്നവര്‍ എന്നാ നിലയില്‍ ദൈവജനത്തെ പരിപാലിച് സഭയുടെ കൂട്ടായ്മ ലോകത്തിനു ഒരു മാതൃകയായി അവതരിപ്പിക്കുന്നവര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇത് വലിയൊരു കാഴ്ചപ്പാട് വ്യത്യാസമാണ്.നാം നമ്മുടേതായ ലോകത്തുനിന്ന് നമ്മെ ത്തന്നെ വിടുവിച്ച്ചുകൊണ്ട് സഭയുടെ തലത്തില്‍ ലോകത്തിന്‍റെ തലത്തില്‍ കര്‍ത്താവിന്‍ പ്രതിപുരുഷന്മാരായിട്ട് നമ്മളെത്തന്നെ പ്രതിനിധീകരിക്കുന്ന ഒരു യഥാര്‍ത്ഥ പൌരോഹിത്യ ശുശ്രൂഷയുടെ സ്വഭാവമാണ്. അങ്ങനെ ഉള്ള ഒരു സ്വഭാവത്തിലേക്ക് നമ്മള്‍ വരണം. നാം ലോകത്തിന്‍റെ മുന്‍പില്‍ അധികാരികളെപ്പോലെ ആവരുത്. നാം ശുശ്രൂഷകാരായി മാറണം. ഇന്ന് വൈദീകര്‍ തങ്ങളുടെ ശുശ്രൂഷകളില്‍ നിന്ന് വളരെയധികം അകന്നു പോയിരിക്കുന്നു. ലാഭേച്ചയോടെ തങ്ങളുടെ ശുശ്രൂഷകളെ കാണുന്ന രീതി സഭയില്‍ ആധിപത്യം പുലര്‍ത്തിയിരിക്കുന്നു.

വൈദീകരുടെ പരിശീലനത്തെപ്പറ്റിയുള്ള രേഖയില്‍ പറഞ്ഞതനുസരിച്ച് വൈദീക വിദ്യാര്‍ത്ഥികള്‍ സെമിനാരികാലത്ത് ദൈവവിളി തിരിച്ചറിയേണ്ട സമയമാണ്. ഇതിനവരെ ഈ കാലയളവില്‍ പ്രാപ്തരാക്കെണ്ടതാണ്. ഇതിനനുസരിച്ചുള്ള ഒരു പരിശീലനമാണ് കൊടുക്കേണ്ടത്. കേരളസഭയില്‍ ഈ കഴിഞ്ഞ നൂറ്റാണ്ടിലും ഇപ്പോഴും സഭയും വൈദീകരെയും വിമര്‍ശിച്ചുകൊണ്ടിരിക്കുന്നവര്‍ ഒരു വൈദീകന്റെ അല്ലെങ്കില്‍ സഭയുടെ അപാകതകള്‍ കൊണ്ട്, അത് അവര്‍ക്ക് അസ്വീകാര്യമായി തീര്‍ന്നതുകൊണ്ട് സംഭവിക്കുന്നതാണ്. ഇന്നും ഇത് പോലെ വൈദീകരുടേതായ തിന്മകള്‍ ദൈവജനത്തെ സഭയില്‍ നിന്നകലുന്നതിനു കാരണമാകുന്നു. അത് വരാതിരിക്കാന്‍ നാം സഭയില്‍ എളിയ ശുശ്രൂഷകാരായി മാറേണ്ടതുണ്ട്. ഓരോ വൈദീകന്റെയും വിളിതന്നെ ശുശ്രൂഷക്കുവേണ്ടിയുള്ളതാണെന്ന് നാം മനസിലാക്കണം. വൈദ്ദീക ജീവിതം ഒരു profession അല്ല. നാം ഓരോരുത്തരും എളിയവരാണ്, ബലഹീനരാണ്, ഈ ലോകത്തില്‍ വ്യാപരിക്കുന്നവരാണ്. അതിനാല്‍ ഈ ലോകത്തിന്റെ ചിന്താഗതികള്‍ അവരെ സ്വാധീനിക്കും.

സഭയില്‍ വൈദീകരെ promote ചെയ്യുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം നാം സഭയില്‍ എത്രത്തോളം നന്മകള്‍ ചെയ്താലും വരുന്ന ചെറിയ തിന്മകള്‍ പോലും പര്‍വതീകരിക്കപ്പെടുകയും സഭയിലുള്ള മുഴുവന്‍ നന്മകളെയും അത് മൂടിക്കളയുകയും ചെയ്യും. അതുകൊണ്ട് ദൈവവിളി പ്രോത്സാഹിപ്പിക്കുമ്പോള്‍ ആ ദൈവവിളിയുടെ വിശുദ്ധി നമ്മള്‍ കാത്തുസൂക്ഷിക്കണം. സമര്‍പ്പിത ജീവിതത്തിലേക്ക് അര്‍ഹരായവരെ മാത്രമേ നാം promote ചെയ്യാന്‍ പാടുള്ളൂ. വികാരിയച്ചന്‍മാരായാലും പരിശീലകരായാലും മെത്രാന്മാരായാലും അക്കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സംശുദ്ധരായ ഏതാനും വൈദീകരായിരിക്കും സംശുദ്ധിയില്ലാതെ പട്ടം കിട്ടുന്ന വൈദീകരെക്കള്‍ ഫലം പുറപ്പെടുവിക്കുന്നത്.

പ്രിയപ്പെട്ട വൈദീക സഹോദരങ്ങളെ നിങ്ങള്‍ക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ഏറെ വേദനിക്കുന്നത് ദൈവജനമാണ്. ദൈവജനത്തിന്‍റെ മനസ്സില്‍ നിങ്ങള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്‌. അത് നിങ്ങള്‍ കളഞ്ഞുകുളിക്കരുത്. ഇപ്പോള്‍ കത്തോലിക്കാസഭ അഭിമുഖികരിക്കുന്ന പ്രശ്നങ്ങള്‍ ഇനി ഉണ്ടാവരുത്. ഉണ്ടാകാതെ നോക്കണ്ടത് നമ്മളോരുത്തരുമാണ്. നാം അതിനെ ശ്രദ്ധിച്ചേ മതിയാകൂ. നാം ജാഗരൂകരാകേണ്ടിയിരിക്കുന്നു. കാരണം ഈ കാലഘട്ടം അത്രത്തോളം ദുഷിച്ചതാണ്. നമ്മുടെ ശത്രുവായ സാത്താൻ അലറുന്ന സിംഹത്തെ പോലെ ആരെ വിഴുങ്ങളെമെന്നറിയാതെ പാഞ്ഞു നടക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here