ഇത് ദൈവമെന്ന കൊണ്ട് ചെയ്യിപ്പിച്ചതാണ്.. അല്ല ദൈവം തന്നെ ചെയ്തതാണ്… ഞാൻ ഒരു കയ്യാളായി നിന്നു എന്നുമാത്രം…കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് അടിച്ചു കയറുന്ന ചില ചപ്പുചവറുകൾക്ക് വിശുദ്ധമായ പൗരോഹിത്യത്തിന്റയും, സന്യാസത്തിന്റെയും അകക്കാമ്പിനെ മലിനപ്പെടുത്താനാവില്ല..ഇതു പറയുന്നത് സിസ്റ്റർ സെബി തോമസ്.
ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയ ഏറെ ചര്‍ച്ച ചെയ്ത, രണ്ട് ഒരു ഷോര്‍ട്ട് ഫിലിമുകൾ ആണ് നിന്നെ പോലെ ഒരാള്‍, ഒരു ചെറിയ തിരുത്ത് എന്നിവ. എന്താണ് പൗരോഹിത്യവും സന്യാസവുമെന്നും, എന്തായിരിക്കണം അതിന്റെ അടിസ്ഥാനം എന്നും വ്യക്തമായി ഈ രണ്ട് ഷോർട്ട് ഫിലിമിലൂടെ പറഞ്ഞു വച്ചു. ഈ വൈറലായ രണ്ട് ഷോർട്ട് ഫിലിമിന് പിന്നില്‍ പ്രവര്‍ത്തിച്ചതും തയ്യാറാക്കിയതും എം.എസ്.എം.ഐ സന്യാസസമൂഹത്തിലെ സി. സെബി ആണെന്നുള്ളത് ഏവരെയും അത്ഭുതപ്പെടുത്തുന്നു. 1980 ഡിസംബർ 19 ന് മാനന്തവാടി രൂപതയിൽപെട്ട മണി മൂളി ഇടവകയിൽ, തോമസ് – ത്രേസ്യാമ്മ ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തയാൾ ആയിട്ടായിരുന്നു സി. സെബിയുടെ ജനനം. പ്രാഥമീക വിദ്യാഭാസത്തിനു ശേഷം 1998 ജൂൺ 6 ന് MSMI കോൺഗ്രിയേഷനിൽ ചേർന്ന് സന്യാസ പഠനം ആരംഭിച്ച സിസ്റ്റർ 2008 നവംബർ 24 ന് നിത്യവ്യതവാഗ്ദാനം നടത്തി.
തുടർന്ന് ആറ് വർഷം മുൻപ് അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയറിന്റെ നിർദേശമനുസരിച്ചു മാസ് കമ്മ്യൂണിക്കേഷന്‍ ചേർന്നു. മാസ് കമ്മ്യൂണിക്കേഷന്‍ ചേരാൻ താല്പര്യം ഇല്ലാതിരുന്നിട്ടും അധികാരികളുടെ സ്വരം ദൈവസ്വരം തന്നെയാണന്ന വ്യക്തമായ ബോധ്യം ഉണ്ടായിരുന്നതുകൊണ്ടും ,ആ ദൈവസ്വരം നൻമ മാത്രമേ തനിക്കു വരുത്തു എന്ന വിശ്വാസമുണ്ടായിരുന്നതുകൊണ്ടും സിസ്റ്റർ പോകാൻ തന്നെ തീരുമാനിച്ചു. ഒരു സിസ്റ്ററായ ഞാൻ ഇത് പഠിച്ചിട്ട് എന്ത് ചെയ്യാനാണ് എന്ന ചിന്ത സിസ്റ്ററിനെ ആദ്യ കാലങ്ങളിൽ അലട്ടിയിരുന്നു. എന്നിരുന്നാലും എന്റെ ഹിതമല്ല നിന്റെ ഹിതം എന്നിൽ നിറവേറട്ടെ എന്ന യേശുവിന്റെ വചനത്തോട് ആമ്മേൻ പറഞ്ഞു…ദൈവത്തിന്റെ കരത്തിന്റെ കീഴിൽ താഴ്മയോടെ നിന്ന സിസ്റ്റർ സെബിയെ ദൈവം എടുത്തു ഉപയോഗിക്കുകയായിരുന്നു … അനുസരണത്തിലൂടെ ദൈവം തനിക്കായ് കരുതി വച്ചിരിക്കുന്ന സമ്മാനങ്ങൾ ഏറ്റുവാങ്ങാൻ … Kingdom Fighter സിസ്റ്റർ സെബിയുമായി സംസാരിച്ചതിൽനിന്നുള്ള പ്രസ്ക്ത ഭാഗങ്ങൾ ചുവടെ ചേർക്കുന്നു.
സന്യാസത്തെയും കത്തോലിക്കാ സഭയെയും സ്നേഹിക്കുന്ന വിശ്വാസികൾ ഒരു ചെറിയ തിരുത്ത് എന്ന ഹ്രസ്വചിത്രത്തെ ഹൃദയത്തിലേറ്റ് വാങ്ങിയപ്പോൾ അക്ഷര ബന്ധങ്ങൾക്ക് അർത്ഥം കണ്ടത്താൻ കഴിയാത്ത സന്തോഷമായിരുന്നു മനസ്സിനുള്ളിൽ!! അഭിനന്ദനങ്ങളും ആശംസകളും ഒഴുകിയെത്തിയപ്പോ മനസ്സൊന്ന് പിന്തിരിഞ്ഞു നടന്നു ഒരു ആറ് വർഷം പിന്നിലേക്ക്… അന്നത്തെ ഞങ്ങളുടെ പ്രൊവിൻഷ്യൽ സുപ്പീരിയർ മാസ് കമ്മ്യൂണിക്കേഷന്‍ പോകാവോ എന്ന് ചോദിച്ചപ്പോ ആദ്യം തോന്നിയത് അനിഷ്ടമാണ്, എങ്കിലും അധികാരികളുടെ സ്വരം ദൈവസ്വരം തന്നെയാണന്ന വ്യക്തമായ ബോധ്യം ഉണ്ടായിരുന്നതുകൊണ്ടും ,ആ ദൈവ സ്വരം നൻമ മാത്രമേ എനിക്ക് വരുത്തു എന്ന വിശ്വാസമുണ്ടായിരുന്നതുകൊണ്ടും ഞാൻ പോകാൻ തന്നെ തീരുമാനിച്ചു.അങ്ങനെ എറണാകുളത്തെ SH ഹോസ്റ്റലിൽ കൊണ്ടവിട്ടതിന് ശേഷം പ്രിയ സിസ്റ്റർ തിരിച്ചുപോരുമ്പോ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… ഒരു സിസ്റ്ററായ ഞാൻ ഇത് പഠിച്ചിട്ട് എന്ത് ചെയ്യാനാണ് എന്ന ചോദ്യം എന്റെ ഓരോ ഹൃദയമിടിപ്പിലും എനിക്ക് കേൾക്കാമായിരുന്നു. ആദ്യത്തെ ദിവസം ക്ലാസിൽ നിന്ന് തിരിച്ചു വന്നപ്പോ ഒറ്റ ചിന്തയേ മനസിൽ ഉണ്ടായിരുന്നുള്ളൂ.. എങ്ങനെയെങ്കിലും പ്രൊവിൻഷ്യലിനെ വിളിച്ച് തിരിച്ച് പോരുവാന്ന് പറയണം .ക്ലാസിൽ നിന്ന് തിരിച്ചെത്തി ഫോൺ കയ്യിലെടുത്തു… എന്തോ ദൈവേഷ്ടത്തെ മറുതലിക്കുന്നത് പോലെ ഒരു തോന്നൽ… ഗെത് സമനിലെ ആത്മ സംഘർഷങ്ങളുടെ നടുവിൽ എന്റെ ഹിതമല്ല നിന്റെ ഹിതം എന്നിൽ നിറവേറട്ടെ എന്ന് പറഞ്ഞ ക്രിസ്തുവിന്റെ മുഖം മനസ്സിൽ തെളിഞ്ഞു … ഫോൺ താഴെവച്ചു.. ഒന്നും മനസിലാവാതെ… എന്തിനാണന്നറിയാതെ … പക്ഷേ ഒന്നറിയാമായിരുന്നു… നിലവിലിരിക്കുന്ന അധികാരമെല്ലാം ദൈവത്താൽ സ്ഥാപിതമാണന്ന്!!! ആ തിരിച്ചറിവിന് മുന്നിൽ ഞാൻ ആമ്മേൻ പറഞ്ഞു… ഞാൻ പോലും അറിയാതെ ,ഞാൻ അഗ്രഹിക്കാതെ പോകേണ്ട വഴികളും ലക്ഷ്യസ്ഥാനവും എനിക്ക് വ്യകതമായി നിർവചിച്ചു തന്ന എന്റെ സന്യാസ് സമൂഹവും ,അധികാരികളും സഹോദരങ്ങളും എനിക്ക് ദൈവമാണ് … മാനുഷിക ബുദ്ധിയിൽ ആദ്യം എനിക്ക് കയ്പായ് തോന്നിയ എത്രയോ കാര്യങ്ങൾ ഇരട്ടി മധുരമായ് എനിക്ക് തിരിച്ച് കിട്ടിയിട്ടുണ്ട് … ഇത് ഹൃദയം കൊണ്ടെഴുതുന്ന അനുഭവ കുറിപ്പുകൾ!!! ഒറ്റ ആഗ്രഹമേ ഉള്ളൂ എന്നെ വളർത്തുന്ന MSMI സന്യാസസുഹത്തിന്റെയും അവസരം തരുന്ന അധികാരികളുടെയും, ഒരുപാട് സാധ്യതകളുടെ നിറകുടമായ് കൂടെ നടക്കുന്ന ദൈവത്തിന്റെയും കരത്തിന്റെ കീഴിൽ താഴ്മയോടെ നിൽക്കണം… അനുസരണത്തിലൂടെ ദൈവം എനിക്കായ് കരുതി വച്ചിരിക്കുന്ന സമ്മാനങ്ങൾ മേടിക്കണം…
ഷോർട്ട് ഫിലിം ചെയ്യാനുണ്ടായ മോട്ടിവേഷൻ
കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് അടിച്ചു കയറുന്ന ചില ചപ്പുചവറുകൾ സന്യസ്തരിലും ,വൈദികരിലും ഉണ്ടാവാം ഇല്ലന്ന് പറയുന്നില്ല. അങ്ങനെയുള്ളവരെ ന്യായികരിക്കുന്നുമില്ല ,വിധിക്കുന്നുമില്ല, പക്ഷേ ജീവിതത്തെ ബലിയും ജീവിതാനുഭവങ്ങളെ നൈവേദ്യവുമാക്കുന്ന കുറെ വിശുദ്ധ ജൻമങ്ങളുണ്ട് ഈ ഭൂമിയിൽ…. നെഞ്ചിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള എത്രയോ വൈദികർ ,സന്യസ് തർ!!! തെരുവിലും ,ചാനൽ ചർച്ചകളിലും തൊലി ഉരിഞ്ഞെടുക്കും പോലെയുള്ള നിന്ദനങ്ങളുടെയും ,പഴിചാരലുകളുടെയും ശരവർഷങ്ങൾ പെയ്തിങ്ങുമ്പോ സക്രാരിയുടെ ഇത്തിരി വെട്ടത്തിലിരുന്ന് ചങ്കുപൊട്ടി വിതുമ്പുന്നവരുടെ ഇടങ്ങളിലേക്ക് മനസ്സുകൊണ്ട് ഞാനൊന്ന് എത്തിനോക്കി… അവിടെ ഞാൻ കണ്ടത് നിർദ്ധയമായി വിമർശിക്കപ്പെട്ട ,കുറ്റക്കാരനായി വിധിക്കപ്പെട്ട ക്രിസ്തുവിനെ ആയിരുന്നു … അവിടെ ഞാൻ കണ്ട ക്രിസ്തുവിന്റെ മുഖമാണ് ഈ രണ്ട് ഹ്രസ്വചിത്രത്തിന്റെയും പിന്നിലെ എന്റെ ശകതമായ പ്രചോദനം
അധികാരികളുടെ സമീപനം, പ്രോത്സാഹനം
M S M I സന്യാസസമൂഹം… എന്റെ മേലധികാരികൾ ,കുട പിറപ്പുകളെ പോലെ ചേർത്ത് പിടിക്കുന്ന എന്റെ സഹോദരിമാർ .. ഇവരെനിക്ക് ഈ ഭൂമിയിലെ കൺകണ്ട ദൈവമാണ് .മാതാപിതാക്കളെ പോലെ കുഞ്ഞനുജത്തിയെ പോലെ അവരെന്നെ ചേർത്ത് പിടിച്ചിട്ടുണ്ട്… സ്നേഹവും പ്രോത്സാഹനവും മാത്രമല്ല അവരെനിക്ക് നൽകുന്നത് .തിരുത്തലുകളും നൽകാറുണ്ട്.അതാണെന്നെ കൂടുതൽ വളർത്തിയത്!!! ഇതെല്ലാം ഫലസമൃദ്ധമാകാൻ കാരണവും അത് തന്നെയാണ്. പറയുന്നതുപോലെ മക്കളനുസരിക്കുമ്പോ മാതാപിതാക്കളുടെ മനസ്സിൽ തോന്നുന്ന ഒരു സന്തോഷമുണ്ടല്ലോ … അത്രയും സന്തോഷത്തോടെ അവരെന്നെ കേട്ടു … എന്നെ പ്രോത്സാഹിപ്പിച്ചു ,MSMI സന്യാസസമൂഹത്തിന്റെയും, അധികാരികളുടെയും സന്തോഷം ദൈവാനുഗ്രഹമായി ഒഴുകിയിറങ്ങാറുണ്ട് എന്റെ കർമ്മ വീഥികളിൽ!!!
ഷോർട്ട് ഫിലിമുമായി ബന്ധപ്പെട്ട ദൈവാനുഭവം
ഇത് ദൈവമെന്ന കൊണ്ട് ചെയ്യിപ്പിച്ചതാണ്.. അല്ല ദൈവം തന്നെ ചെയ്തതാണ് ഞാൻ ഒരു കയ്യാളായി നിന്നു എന്നുമാത്രം… ക്യാമറക്കു മുമ്പിൽ അഭിനയത്തിനു വേണ്ടി ഒരിക്കൽ പോലും നിൽക്കാത്തവരാണ് വൈദികർക്കും, സിസ് റ്റേഴ്സിനും വേണ്ടി ഈ ഹ്രസ്വചിത്രത്തിലൂടെ ഈ ലോകത്തോട് സംസാരിച്ചത്… ആരും അഭിനയം passion ആക്കിയവുമല്ല ,അഭിനയിച്ചവരൊക്കെ ക്രിസ്തുവിനെയും ക്രിസ്തു സ്ഥാപിച്ചസഭയെയും സ്നേഹിക്കുന്നവരാണ്… പിന്നെ, നിന്നെ പോലെ ഒരാൾ എന്ന ഹ്രസ്വചിത്രം ചെയ്തപ്പോൾആരും ഒരു പ്രതിഫലവും ആഗ്രഹിച്ചില്ല ,മേടിച്ചില്ല ഞാൻ വിളിച്ചു അല്ല ദൈവം വിളിച്ചു അവർ വന്നു… ക്യാമറമാൻ ജിജു ഫിലിം ഷൂട്ടിങിനിടെ ഹൈദരാബാദിൽ നിന്ന് എത്തിയതും ,ഒരു പ്രതിഫലവും വാങ്ങാതെ തിരിച്ചു പോയതും ദൈവം ഇടപെട്ടത് തന്നെയാണ് … നിങ്ങൾ രണ്ട് ഹ്രസ്വചിത്രങ്ങളെയും കൈ നീട്ടി സ്വീകരിച്ചത് അത് തന്നെ ദൈവാനുഭവത്തിന്റെ വിരലടയാളമല്ലേ….
സന്യാസ ജീവിതം ഇന്നത്തെ കാലഘട്ടത്തിൽ
ഞാൻ ആദ്യം പറഞ്ഞ് വച്ചില്ലേ? കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് അടിച്ചു കയറുന്ന ചില ചപ്പു ചവറുകൾക്ക് വിശുദ്ധമായ പൗരോഹിത്യത്തിന്റയും, സന്യാസത്തിന്റെയും അകക്കാമ്പിനെ മലിനപ്പെടുത്താനാവില്ല… സന്യാസത്തിന്റെയും ,പൗരോഹിത്യത്തിന്റെയും വിശുദധമായ മന്ത്രധ്വനികൾ തെരുവി ലെ മുറവിളികളുടെയും ചാനൽ ചർച്ചകളുടെയും വെടിയുണ്ടകളിൽ അവസാനിക്കുന്നതായിരുന്നെങ്കിൽ കേരളത്തിലെ ദേവാലയങ്ങളിൽ നിന്ന് പള്ളിമണികൾ മുഴങ്ങുമായിരുന്നില്ല… ഈ ഹ്രസ്വചിത്രങ്ങൾ നിങ്ങൾ ഹൃദയത്തിലേറ്റു വാങ്ങുമായിരുന്നില്ല… പിന്നെ, പ്രതിക്കൂട്, ക്രൂരമായ വിമർശനം, തെറ്റിദ്ധാരണ… ഇതൊക്കെ ഒരു ക്രിസ്തു ശിഷ്യന്റെ അവകാശമല്ലേ… ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആര് നമുക്ക് എതിര് നിൽക്കും??? തകർക്കാനാവില്ല പൗരോഹിത്യത്തെ കാരണം എനിക്ക് ജീവൻ ലഭിക്കുന്നത് ഇന്നും മറിച്ചുവിളമ്പി തരുന്ന ആ അപ്പത്തിൽ നിന്നാണ്… നശിപ്പിക്കാനാവില്ല സന്യാസത്തെ കാരണം വിശുദ്ധരായ സന്യസ്തരുടെ പാദമുദ്രകൾ പതിഞ്ഞ മണ്ണാണിത്!!!
ഷൈജു ഡോമിനിക്ക്