കുഴിക്കാട്ടുശേരി മറിയം ത്രേസ്യാ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ ഡോ. ഫിന്റോ ഫ്രാൻസീസിന്റെ ഹൃദയ സ്പര്‍ശിയായ അനുഭവം
ഞാന്‍ ഹൗസ് സര്ജനി ചെയ്യുന്ന കാലം.
ജീസസ് യൂത്ത് – പ്രോ ലൈഫ് മിനിസ്ട്രിയുടെ കോര്‍ഡിനേറ്ററായിരുന്നു അന്ന്.
ഞാന്‍ അക്കാലത്ത് ജോലി ചെയ്ത ഹോസ്പിറ്റലില്‍ എണ്പതു ശതമാനം ഗൈനക്കോളജിസ്റ്റുകളും അബോര്ഷന് ചെയ്യാത്തവരാണ്. അബോര്ഷന് നടത്താതെ ഗൈനക്കോളജി ഡിപ്പാര്‍ട്ട്മെന്റില്‍നിന്നും പുറത്തുപോകാന്‍ ഒരു ബുദ്ധിമുട്ടുമില്ല. പക്ഷേ പ്രസവം നിര്‍ത്തല്‍ അസിസ്റ്റ് ചെയ്യാതെ ആ ഡിപ്പാര്‍ട്ട്മെന്റില്‍നിന്നും പാസായി പോരുക കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഞാന്‍ പ്രശ്നത്തിലായി. പ്രസവം നിര്‍ത്താനുള്ള കേസുകള്‍ തുടര്‍ച്ചയായി വരുന്നു. ഓരോ ദിവസവും പത്തും പന്ത്രണ്ടുപേര്‍ വീതം. ഞാനെന്റെ മാതാപിതാക്കളുമായി ഈ പ്രശ്നം ചര്‍ച്ച ചെയ്തു. അവരിരുവരും കരിസ്മാറ്റിക് ധ്യാനം കൂടിയിട്ടുള്ളവരാണ്.
പ്രസവം നിര്‍ത്തുന്ന കേസുകളെ സഹായിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു. അതില്‍നിന്നും എങ്ങനെ രക്ഷപ്പെടണം എന്നെനിക്കറിയില്ല. ആദ്യത്തെ ഒരാഴ്ച വലിയ കുഴപ്പമില്ലാതെ കടന്നുപോയി. എന്നാല്‍ ഈ പ്രശ്നത്തില്‍നിന്നും എങ്ങനെയെങ്കിലുമൊന്ന് എന്നെ രക്ഷപ്പെടുത്തണമേയെന്നതായിരുന്നു എന്റെ അക്കാലത്തെ പ്രാര്‍ത്ഥന. പ്രസവം നിര്ത്തലല്ലാത്ത മറ്റു മേജര്‍ കേസുകളില്‍ രാവിലെതന്നെ തിയേറ്ററില്‍ പോയി സഹായിക്കകലാണ് ഞാന്‍ കണ്ടുപിടിച്ച വഴി.
ഞങ്ങള്‍ രണ്ടുപേരും മാത്രമായുള്ള ആദ്യദിനം പ്രസവം അസിസ്റ്റ് ചെയ്യാന്‍ ഞാന്‍ തിയറ്ററിലെത്തി. പ്രസവം നിര്‍ത്തുന്ന ടേബിളിലേക്കാണ് ഡോക്ടര്‍ വന്നത്. ഞാന്‍ ശരിക്കും വിഷമാവസ്ഥയിലായി. എന്തു ചെയ്യണമെന്ന് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. ഞാന്‍ കൈകള്‍ കഴുകി തിയറ്ററില്‍ കേസ് അസിസ്റ്റ് ചെയ്യാന്‍ റെഡിയായി നില്‍ക്കുകയാണ്. ഒന്നുകില്‍ പ്രസവം നിര്‍ത്താന്‍ പോകുന്ന ഡോക്ടറെ സഹായിക്കണം. അല്ലെങ്കില്‍ പുറത്തുപോകണം. ദൈവം ആ സമയത്ത് നല്കിയ ശക്തമായ പ്രേരണ സ്വീകരിച്ച് ഞാന്‍ പുറത്തേക്കിറങ്ങി. ഞാന്‍ നേരെ വാര്‍ഡിലേക്ക് പോയി. ഞാന്‍ തിയറ്ററില്‍ ഡ്യൂട്ടിക്ക് പോയത് അറിയാമായിരുന്ന വാര്‍ഡിലെ ഡോക്ടര്‍ അത്ഭുതപ്പെട്ടു.
എന്താണ് തിയറ്ററില്‍നിന്നും പോന്നതെന്ന് അദേഹം എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു:
”എനിക്കവിടെ നില്ക്കാന് കഴിയില്ല. ഞാന്‍ വാര്‍ഡില്‍ റൗണ്ട്സിന് അസിസ്റ്റ് ചെയ്യാം.”
രണ്ടുമണിക്കൂര്‍ കഴിഞ്ഞ് ഡിപ്പാര്‍ട്ട്മെന്റ് യോഗം ചേര്‍ന്നു. ”എന്തിനാണ് തിയറ്റര്ഡ്യൂട്ടി ഉപേക്ഷിച്ച് പുറത്ത് പോന്നത്?”് എന്ന ചോദ്യമുണ്ടായി. പ്രസവം നിര്‍ത്താന്‍ അസിസ്റ്റ് ചെയ്യുന്നത് താല്പര്യമില്ലാത്തതിനാലാണ് പോന്നതെന്ന് ഞാന്‍ പറഞ്ഞു.
മൂന്നു ദിവസം കഴിഞ്ഞ് ഒരു തിയറ്റര്‍ ദിവസത്തില്‍ സീനിയര്‍ ഡോക്ടര്‍ പറഞ്ഞതിങ്ങനെയാണ്: ”നമ്മുടെ പുതിയ ഹൗസ് സര്ജന് ഇനി പ്രസവം നിര്‍ത്താന്‍ അസിസ്റ്റ് ചെയ്യില്ല.” ഞാന്‍ ശരിക്കും അപ്സെറ്റ് ആയി. എല്ലാവരും കേട്ടുനില്ക്കുന്ന സമയത്താണ് അത് പറയുന്നത്. പല ഡോക്ടര്‍മാരും എന്നോട് ചോദിച്ചു: എന്തുകൊണ്ടാണ് പ്രസവം നിര്‍ത്താന്‍ അസിസ്റ്റ് ചെയ്യാത്തതെന്ന്. എനിക്ക് ഉത്തരം പറയാന്‍ അറിയില്ലായിരുന്നു. ജീസസ് യൂത്താണെന്നതില് കവിഞ്ഞ് 23 വയസുള്ള എനിക്ക് മറുപടി പറയാനുള്ള അറിവുമില്ല.
കളിയാക്കലുകളും വഴക്കു പറയലുകളുമൊക്കെ അവിടെ ഉണ്ടായി. ഞാനൊന്നും മിണ്ടാതെ നിന്നെങ്കിലും ആ ഡിപ്പാര്ട്ട്മെന്റിലുള്ളവര്ക്ക് ഒരു കാര്യം വ്യക്തമായി. ഞാന്‍ പ്രസവം നിര്‍ത്താന്‍ അസിസ്റ്റ് ചെയ്യില്ലെന്ന്. ഇതൊരു ദൈവികപരിപാലനയായിട്ടാണ് ഞാന്‍ കാണുന്നത്.
ഞാനൊരു ക്രൈസ്തവനും കരിസ്മാറ്റിക്കുകാരനും ജീസസ് യൂത്തും ആയതുകൊണ്ടാണ് പ്രസവം നിര്‍ത്താന്‍ അസിസ്റ്റ് ചെയ്യാത്തതെന്ന് ഡോക്ടര്‍മാര്‍ കണ്ടുപിടിച്ചു. സിസേറിയന്റെ കൂടെ പ്രസവം നിര്‍ത്താന്‍ അസിസ്റ്റ് ചെയ്യണമെന്ന മറ്റൊരു കേസ് വന്നു. തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജിലാണ് ഞാന്‍ ഹൗസ് സര്‍ജന്‍സ് ചെയ്തത്. ഞാന്‍ അടുത്തുള്ള പുത്തന്‍പള്ളി വ്യാകുലമാതാവിന് ബസിലിക്കയിലെ നിത്യാരാധന കേന്ദ്രത്തിലിരുന്ന് പ്രാര്‍ത്ഥിച്ചു. ആ സമയത്താണ് കര്‍ത്താവ് കൃത്യമായി ബോധ്യം മനസിലേക്ക് തന്നത്. ‘കറയോ കളങ്കമോ ഇല്ലാത്തവനായി എ ന്റെ മുമ്പില്‍ നിന്നെ കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’ ഇതായിരുന്നു ഈശോ നല്കിയ സന്ദേശം. പ്രസവം നിര്‍ത്താന്‍ അസിസ്റ്റ് ചെയ്യാന്‍ ദൈവം ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് വ്യക്തമായി.
പിറ്റേന്ന് തിയറ്ററിലെത്തുമ്പോള്‍ ഞാന്‍ സ്തുതിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കര്‍ത്താവിന്റെ സന്ദേശം ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ പറയാന്‍ കഴിയില്ലല്ലോ. സിസേറിയന്റെ കൂടെയുള്ള പ്രസവം നിര്‍ത്തല്‍ അസിസ്റ്റ് ചെയ്യാന്‍ തിയറ്ററിലെത്താന്‍ നിര്‍ബന്ധിതനായി. എങ്കിലും അങ്ങോട്ട് പോകാതെ സൈഡിലേക്ക് ഞാന്‍ മാറിനിന്നു. സീനിയര്‍ ഡോക്ടര്‍ എന്നെ വഴക്കു പറഞ്ഞു.
അവരെന്നെ യൂണിറ്റ് ചീഫിന്റെ അടുത്തേക്ക് പറഞ്ഞയച്ചു. സാധാരണഗതിയില്‍ ഏറ്റവും ജൂനിയറായ എന്നെ ഒരിക്കലും അദ്ദേഹം പിന്തുണക്കില്ല. പക്ഷേ അദ്ദേഹം എന്റെ തിയറ്റര്‍ ഡ്യൂട്ടി ഒഴിവാക്കിത്തരുകയാണുണ്ടായത്.
കര്‍ത്താവിന്റെ സന്ദേശത്തിന് യെസ് പറഞ്ഞപ്പോള്‍ എന്നെ ഗൈനക്കോളജിയില്‍ സ്പെഷിലൈസ് ചെയ്യാന്‍ കര്‍ത്താവ് അനുവദിച്ചു. ഡി.എന്‍.ബി എന്ന കോഴ്സായിരുന്നു. നൂറുപേര് പരീക്ഷ എഴുതിയാല്‍ ഇരുപതുപേരേ അന്ന് ജയിക്കുമായിരുന്നുള്ളൂ. ഏതായലും ദൈവം ഇടപെട്ടു. ഞാന്‍ പ്രാക്ടിക്കല്‍ പാസായി.
ഏഴുപേര്‍ പരീക്ഷ എഴുതിയതില്‍ ഞാന്‍ മാത്രമാണ് പാസായത്. ഇത് ദൈവപരിപാലനയാണ്.
ഇന്നിപ്പോള്‍ ഏഴ് സിസേറിയനുകള്വരെ കുഴിക്കാട്ടുശേരി മറിയംത്രേസ്യ ഹോസ്പിറ്റലില്‍ ചെയ്യുന്നുണ്ട്.
(അഭിമുഖത്തെ ആസ്പദമാക്കി തയ്യാറാക്കിയത്: സൈജോ ചാലിശേരി(കടപ്പാട്: സണ്‍ഡേശാലോം)
Kingdom Fighter
Catholic Church News Portal