മാത്യൂ ചെമ്പുകണ്ടത്തിൽ
ഏത് സഭയിലുള്ള പട്ടക്കാരനാണെങ്കിലും അദ്ദേഹം സഭയ്ക്കും വിശ്വാസ സമൂഹത്തിനും എതിരായി അധരം തുറക്കുമ്പോഴും ഇടയശുശ്രൂഷയ്ക്ക് കളങ്കം വരുത്തുന്ന വാര്‍ത്തകളില്‍ നിറയുമ്പോഴുമെല്ലാം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിശുദ്ധ കുര്‍ബാനയിലെ ഒരു ഭാഗം ഓര്‍മ്മയില്‍ വരും. അവിടെ, അനാഫെറയ്ക്ക് മുമ്പുള്ള പ്രിമിയോന്‍ -സെദറായില്‍ പുരോഹിതന് തനിക്കുവേണ്ടിയും തന്റെ ജനത്തിനുവേണ്ടിയും ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു:
“ഞങ്ങളുടെ നാഥനായ കര്‍ത്താവേ ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി ഗാഗുല്‍ത്തായുടെ ഉന്നതങ്ങളില്‍ നീ ബലിയായിത്തീര്‍ന്നു. പരിശുദ്ധ മദ്ബഹായില്‍ ബലിയര്‍പ്പിക്കുവാന്‍ മണ്മയരെ നീ ഭരമേല്‍പ്പിച്ചു. മണ്ണില്‍നിന്നുള്ള മണ്‍കട്ട ഞാനായിരിക്കെ, നിന്റെ ദൈവിക രഹസ്യങ്ങളുടെ സാന്നിധ്യം, അത് വസിക്കുന്നയിടത്തേക്ക് പ്രവേശിക്കുവാന്‍ നിന്റെ കരുണമൂലം എന്നെ യോഗ്യനാക്കിത്തീര്‍ത്തിട്ടുള്ള കൃപയാലും കരുണയാലും നിന്റെ ജനത്തിന്റെ പാപങ്ങളെ നീ പരിഹരിക്കണമെ. നിന്നെ സ്തുതിക്കുന്ന ക്രോവേന്മാരുടെയും നിനക്ക് കാദീശ് പാടുന്ന സ്രാപ്പേന്മാരുടെയും കൂട്ടത്തില്‍ എന്നെ ചേര്‍ക്കുകകയും ചെയ്തതിനായി ദൈവമേ നിന്നെ ഞാന്‍ സ്തുതിക്കുന്നു”
“കണ്ടാലും, അഗ്നിമയമായ ഈ സ്ഥലത്ത് അഗ്നിജ്വാലയുടെ സിംഹാസനത്തിന് മുമ്പാകെ ഞാന്‍ നിന്ന്, നിന്റെ ജനത്തിന് പാപപരിഹാരവും നിന്റെ സകല സൃഷ്ടിക്കും മോചനവും യാചിക്കുന്നു. കര്‍ത്താവേ മാലാഖാമാര്‍പോലും സൂക്ഷിച്ചു നോക്കുവാന്‍ വാഞ്ജിക്കുന്നതായ ഈ പരിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ നിന്റെ കരുണമൂലം എന്നെ യോഗ്യനാക്കിത്തീര്‍ത്തിട്ടുള്ള കൃപയാലം കരുണയാലും നിന്റെ ജനത്തിന്റെ പാപങ്ങളെ നീ പരിഹരിക്കണമേ…. “
മദ്ബഹായില്‍ ബലിയര്‍പ്പണത്തിന് പ്രവേശിക്കുന്ന ഒരു പുരോഹിതന്റെ ആന്തരികബോധം എത്രമേല്‍ തീവ്രമായിരിക്കുമെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ പ്രിമിയോനിലുള്ളത്. എപ്പിസ്കോപ്പല്‍ സഭകളുടെ എല്ലാ തക്സാകളിലും ഈ പ്രാര്‍ത്ഥനയില്ലെങ്കിലും ഇതിന് സമാനമായ പ്രാര്‍ത്ഥനകള്‍ രഹസ്യമായും പരസ്യമായും വൈദികര്‍ ഉദ്ധരിക്കാറുണ്ട്..
മാലാഖാമാര്‍പോലും സൂക്ഷിച്ചു നോക്കുവാന്‍ വാഞ്ജിക്കുന്ന പരിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ ദൈവത്തിന്റെ കരുണമൂലം യോഗ്യനായിത്തീര്ന്ന വ്യക്തിയാണ് പുരോഹിതന്. “പുരോഹിതന്” എന്നാല്‍ “മുമ്പില്‍ നില്ക്കുന്നവന്” എന്നാണ് അര്‍ത്ഥം. ദൈവ തിരുമുമ്പാകെ, ദൈവജനത്തിനു മുന്നിലായി നിൽക്കുന്നവൻ! ക്രൈസ്തവ സഭയിലെ അതിമഹത്തായ പദവിയായി പുരോഹിത ശുശ്രൂഷയെ (കൂദാശാ) കാണുന്നവരാണ് മഹാഭൂരിപക്ഷം പുരോഹിതന്മാരും. എന്നാല്‍ ഇതിന്റെ മഹത്വം തിരിച്ചറിയാതെ പൗരോഹിത്യത്തെ തെരുവില്‍ പരസ്യക്കോലമാക്കിയവരും മുപ്പത് വെള്ളിക്കാശിന് വിറ്റുതുലച്ചവരും “ഏശാവ് സിന്‍ഡ്രം” ബാധിച്ച് പാപത്തിന്റെ താല്‍ക്കാലിക സുഖത്തിനായി പൗരോഹിത്യത്തെ തള്ളിക്കളഞ്ഞവരുമുണ്ട്. ഇക്കൂട്ടത്തിൽ, കഴിഞ്ഞ കുറേകാലമായി ഉയർന്നു കേള്‍ക്കുന്ന ഒരു പേരുണ്ട്, അവരാണ് “വിമതവൈദികര്‍ (rebel priest) എന്ന വകഭേദം. മദ്ബഹായില്‍, ക്രോവേന്മാരുടോയും സ്രാപ്പേന്മാരുടെയും കൂട്ടത്തില്‍ ദൈവത്തെ സ്തുതിക്കാന്‍ നിയുക്തരായ പുരോഹിതര്‍ക്ക് എങ്ങനെ ഇത്തരം വിമതവേഷം ചേരും എന്ന് ആരും ചോദിക്കരുത്. (ചില വിമത നീക്കങ്ങളെക്കുറിച്ച് എസെക്കിയേൽ 28 ൽ വായിക്കുക) പിന്‍പോയിന്റ് ക്രൈസ്തവികതയുടെ വക്താക്കളായി സ്വയം പ്രതിഷ്ഠിച്ചിരിക്കുന്ന ഇവര്‍ക്ക് ഇവര്‍തന്നെയാണ് നിയമാവലികള്‍ ഉണ്ടാക്കുന്നത്.
വിമതവൈദികരുടെ ജീവിക്കുന്ന പുണ്യാളനാകാന്‍ വേഷം കെട്ടിനടക്കുന്ന വ്യക്തിയാണ് മഹാപണ്ഡിതനായ ഫാ പോള്‍ തോലക്കാട്ട്. കേരളത്തില്‍ ക്രൈസ്തവ സമൂഹം സാമൂഹിക പ്രതിസന്ധി നേരിടുന്ന ഏതു ഘട്ടത്തിലും വിശ്വാസികളെ പ്രതിരോധത്തിലാക്കുന്നതിൽ മുമ്പന്തിയിൽ ഇദ്ദേഹത്തെ കാണാം. ഇദ്ദേഹം “ഡൂള്‍ ന്യൂസ്” എന്നൊരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖം വായിച്ചു, അദ്ദേഹത്തോട് സഹതിപ്പാക്കാനേ കഴിയുന്നുള്ളൂ.
ക്രിസ്ത്യന്‍, മുസ്ലിം വിഭാഗീയത, സംഘപരിവാര്‍ പദ്ധതികള്‍, ലവ് ജിഹാദ്, ന്യൂനപക്ഷ ആനുകൂല്യ വിഹിതം, പലസ്തീന് ഇസ്രായേല്‍ സംഘര്‍ഷം, തീവ്രവാദം എന്നീ വിഷയങ്ങളെ സംബന്ധിച്ചുള്ളതായിരുന്നു ചോദ്യങ്ങള്‍. ഇതില്‍ ആദ്യ ചോദ്യം ഇങ്ങനെയാണ്: “കേരളത്തില്‍ ക്രിസ്ത്യന്‍, മുസ്ലിം വിദ്വേഷം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ വ്യാപകമാകുന്ന ഈ സാഹചര്യത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ വിദ്വേഷപ്രചാരണങ്ങള്‍ ചില കത്തോലിക്കാ ഗ്രൂപ്പുകള്‍ ഏറ്റെടുക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനേയും അതിനിടയായ സാഹചര്യങ്ങളെയും എങ്ങനെ വിലയിരുത്തുന്നു? മറുപടിയായി “വലതു കരണത്ത് അടിക്കുന്നവനു മറ്റേക്കരണം കൂടി കാണിച്ചുകൊടുക്കുക” എന്ന വചനം (മത്തായി 5:35) ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു “വിദ്വേഷം പ്രചരിപ്പിക്കുന്നവരെ ക്രൈസ്തവരായി കാണാന്‍ വിഷമമുണ്ട്” എന്ന്.
മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം 39,38 വാക്യങ്ങളില്‍ പ്രധാനമായ മൂന്ന് ക്രിസ്തീയ തത്വങ്ങള്‍ ആണല്ലോ യേശുക്രിസ്തു സ്ഥാപിക്കുന്നത. അതിലൊന്ന് ക്രിസ്തുശിഷ്യന്മാര് പ്രതികാരം ചെയ്യരുത് എന്നുള്ളതാണ്. “കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്ടനെ എതിര്‍ക്കരുത്. വലത്തു കരണത്തടിക്കുന്നവന് മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക”. തത്വത്തില്‍ പ്രതികാരം ചെയ്യരുത് എന്നാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്. ഈ തത്വം പ്രകാരം ഏതുവിധത്തിലുള്ള പ്രതികാരമാണ് ക്രൈസ്തവര്‍ മുസ്ലിംകള്ക്ക് എതിരേ നടത്തിയിട്ടുള്ളതെന്ന് ഫാ തേലക്കാട്ട് വ്യക്തമാക്കണം. ഒരു ബൈബിള്‍ വാക്യത്തെ സന്ദര്‍ഭത്തില്‍ നിന്ന് പിഴുതെടുത്ത് തന്റെ ക്രൈസ്തവവിരുദ്ധത പ്രകടമാക്കാന്‍ വചനത്തിന്റെ ശുശ്രൂഷകനായി അഭിഷിക്തനായ അങ്ങ് ശ്രമിച്ചത് കടുത്ത അപരാധമായിപ്പോയി. എഴുതിപ്പിടിപ്പിക്കാന്‍ കൂലിയെഴുത്തുകാര്‍ തയ്യാറായി ഇരിക്കുമ്പോള്‍ എന്തും വിളിച്ചുപറയുന്നത് അങ്ങയെപ്പോലുള്ളവര്‍ക്ക് ഭൂഷണമല്ല. ക്രിസ്തീയ മൂല്യങ്ങളില്‍ അധിഷ്ഠിതമായി നിന്നുകൊണ്ട് നീതിപൂര്‍വ്വകമായും സത്യസന്ധതയോടും മാത്രമാണ് കേരള ക്രൈസ്തവസമൂഹം ഇന്ന് നേരിടുന്ന എല്ലാ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളോടും പ്രതികരിച്ചിട്ടുള്ളത്. അങ്ങനെയല്ലെങ്കില്‍ എന്ത് തെളിവാണ് അങ്ങേക്ക് ചൂണ്ടിക്കാണിക്കാനുള്ളത് ?
“ലൗജീഹാദ് കെട്ടുകഥയാണെന്ന് കേരള സര്‍ക്കാരും കേന്ദ്രസര്‍ക്കാരും പറഞ്ഞു കഴിഞ്ഞു” എന്നാണ് ഫാ തേലക്കാട്ട് പറയുന്നത്. “വല്ലവരുടെയും കൈയില്‍ ലൗജീഹാദിന് തെളിവുണ്ടെങ്കില്‍ അത് അധികാരികളെ അറിയിക്കണം. തെളിവുകളില്ലാതെ ലൗജീഹാദ് എന്ന് പറഞ്ഞുനടക്കുന്നത് മാന്യതയും മര്യാദയുമല്ല ” ഫാ തേലക്കാട് പറയുന്നു.
പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ നിഗൂഡതന്ത്രത്തിന്റെ ഭാഗമായി നടക്കുന്ന പൈശാചികതയാണ് ലൗജീഹാദ് എന്നത് മനസ്സിലാക്കാന്‍ കഴിയാത്തവിധം അങ്ങ് മണ്ടനാണ് എന്ന് വിശ്വസിക്കുന്നില്ല. ലോകത്തെ മുഴുവന്‍ ഇസ്ലാമിന്റെ ഭരണത്തലും നിയന്ത്രണത്തിലും കൊണ്ടുവരുവാന്‍ ആഗോളതലത്തില്‍ നടക്കുന്ന അജണ്ടയുടെ ഭാഗമായി കേരളത്തില്‍ പ്രണയം അഭിനയിച്ച് പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്ന ക്രൂരതയല്ലേ ലൗജീഹാദ്? ഇന്ന് അഫ്ഘാന്‍ ജയിലില്‍ കഴിയുന്ന രണ്ട് ക്രിസ്ത്യന്‍ പെണ്‍കുട്ടികളും ഒരു ഹിന്ദു പെണ്‍കുട്ടിയും ലൗ ജിഹാദിൽ വഞ്ചിക്കപ്പെട്ടവരല്ല എന്ന് ചങ്കില് കൈവച്ച് പറയാന്‍ ഫാദര്‍ തേലക്കാടിന് കഴിയുമോ?
കേരളാ പോലീസും കേന്ദ്രഗവണ്മെന്റും ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ മാത്രമേ ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ കഴിയുകയുള്ളോ? സാങ്കേതിക കാരണങ്ങളാല്‍ ലൗജിഹീദ് എന്ന സംജ്ഞ സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ല എന്നത് ശരിതന്നെ, എന്നാല്‍ ഇത്തരമൊരു പൈശാചികത നടക്കുന്നുവെന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ എല്ലാ സംസ്ഥാന ഘടകങ്ങളും തുറന്നു സമ്മതിക്കുന്നു. അവര്‍ക്ക് അധികാരമുള്ള സംസ്ഥാനങ്ങളില്‍ ലൗജീഹാദിനെതിരേ നിയമനിര്‍മാണം നടത്തുകയും ചെയ്തു, ഇത് എന്തുകൊണ്ടാണെന്ന് ഫാ തേലക്കാടിന് വിവരിക്കാമോ? പൊളിറ്റിക്കല്‍ ഇസ്ലാം വിലപറഞ്ഞ് കച്ചവടം ഉറപ്പിച്ചിരിക്കുന്ന കേരള സര്‍ക്കാരില്‍നിന്നും ലൗജീഹാദിന് പ്രതികൂലമായി എന്തെങ്കിലും നീക്കം ഉണ്ടാകുമെന്ന് വിശ്വസിക്കാന്‍ മാത്രം ബുദ്ധിശൂന്യത അങ്ങ് അഭിനയിക്കേണ്ടതുണ്ടോ ഫാദർ തേലക്കാട്?
ക്രൈസ്തവ, ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റുന്നതിനായി ബോധപൂര്‍വ്വം സംഘടിത ശ്രമങ്ങള്‍ നടക്കുന്നുവെന്നത് പകല്‍പോലെ സത്യമാണ്. കേരളത്തിലെ ഓരോ പഞ്ചായത്തിലും ഓരോ വാർഡിലും ഇന്ന് ഇതിന് തെളിവുകളുണ്ട്. കേരളത്തില്‍ ലൗജീഹാദ് ഇല്ല എന്ന് പറയുന്നവര്‍ കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ മുന്നില്‍ അങ്ങ് സ്വയം വിഡ്ഢിവേഷം കെട്ടുകയാണ്. ഇസ്ലാം മതത്തിലുള്ള വിശ്വാസം ഉപേക്ഷിച്ച “എക്സ് മുസ്ലീം” അംഗങ്ങള്‍ ഉള്‍പ്പെടെ ലൗജീഹാദ് ഉണ്ട് എന്നു പറയുമ്പോള്‍ ഇത് സംഘപരിവാറിന്റെ അജണ്ടയാണെന്ന് വരുത്തിത്തീര്‍ത്ത്, പെണ്മക്കള് നഷ്ടപ്പെട്ട ക്രിസ്തീയ മാതാപിതാക്കളുടെ വിങ്ങുന്ന മുറിവുകളിലേക്ക് ഉപ്പും വിനാഗിരിയും കോരിയൊഴിക്കുന്ന വിധമുള്ള ഇത്തരം വ്യാജ പ്രസ്താവനകള്‍ മദ്ബഹായില്‍, ക്രോവേന്മാരുടോയും സ്രാപ്പേന്മാരുടെയും കൂട്ടത്തില്‍ ദൈവത്തെ സ്തുതിക്കാന്‍ നിയുക്തരായ പുരോഹിതനായ അങ്ങയില്‍ നിന്ന് കേള്‍ക്കുന്നത് ഞെട്ടലുളവാക്കുന്നു! ഇത്തരം വ്യാജപ്രസ്താവനയ്ക്കായി അധരംതുറക്കാന് അങ്ങേക്ക് എങ്ങനെ കഴിയുന്നു ഫാ തേലക്കാട്?
ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് വരുതിയിലാക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങളെക്കുറിച്ചുള്ള സാമൂഹിക നിരീക്ഷകരുടെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് വീണ്ടും വ്യാജം പ്രചരിപ്പിക്കാനാണ് ഫാ തേലക്കാട്ട് ശ്രമിക്കുന്നത്. കേരളത്തില്‍ ക്രൈസ്തവരെയും മുസ്ലിങ്ങളയും തമ്മില്‍ അകറ്റാന്‍ ആരും ശ്രമിക്കുന്നില്ലെന്നും അങ്ങനെയുള്ള നീക്കങ്ങള്‍ വിലപ്പോകില്ല എന്നും അങ്ങേക്ക് വ്യക്തമായി അറിയാമല്ലോ. കേരളത്തില്‍ വാസ്തവമായി മുസ്ലീം ക്രിസ്ത്യന്‍ വിഭാഗീയത ശക്തമായത് തുര്‍ക്കിയിലെ ഹാഗിയാ സോഫിയാ ദേവാലയത്തെക്കുറിച്ചുള്ള മുസ്ലിംലീഗ് നേതാവ് സാദിഖലി തങ്ങളുടെ ലേഖനത്തെതുടര്‍ന്നാണ് എന്നതല്ലേ വാസ്തവം? സാദിഖലി തങ്ങളും ‘ചന്ദ്രിക’ ദിനപത്രവും ഹാഗിയാ സോഫിയാ വിഷയത്തില്‍ ഉത്തരവാദിത്വപൂർണമായ നിശ്ശബ്ദത സൂക്ഷിച്ചിരുന്നുവെങ്കിൽ കേരളത്തില്‍ ഇന്നുള്ള മതധ്രുവീകരണം സംഭവിക്കുമായിരുന്നോ ഫാ തേലക്കാട്? പൊളിറ്റിക്കല്‍ ഇസ്ലാമിലേക്കുള്ള ചുവടുമാറ്റത്തിനായി മുസ്ലിം ലീഗ് ബോധപൂര്‍വ്വം നടത്തിയ “ടെസ്റ്റ്ഡോസ്” ആയിരുന്നില്ലേ സാദിഖലി തങ്ങളുടെ ലേഖനം. ഈ ലേഖനത്തോട് ക്രൈസ്തവസമൂഹം വളരെ വേദനയോടെ പ്രതികരിച്ചുവെങ്കിലും ക്രൈസ്തവ സഹോദരങ്ങള്‍ക്ക് നേരിട്ട ഈ വേദനയില്‍ ക്ഷമചോദിക്കാനുള്ള മാന്യതപോലും കാണിക്കാതെ നിരുത്തരവാദപരമായി നാറിയ രാഷ്ട്രീയം കളിക്കുകയല്ലായിരുന്നോ മുസ്ലിംലീഗ്? കേരളത്തില്‍ ഇടത് തരംഗം രൂപപ്പെടുവാനും ക്രൈസ്തവ സമൂഹം മുസ്ലിം ലീഗിനെയും യു.ഡി.എഫിനെയും കൈവിടാനും കാരണമായത് ഹാഗിയാ സോഫിയാ വിഷയമല്ലേ?
തേലക്കാടച്ചാ, കണ്ണടച്ചാല്‍ അങ്ങേക്ക് മാത്രമേ ഇരുട്ട് അനുഭവപ്പെടുകയുള്ളൂ എന്ന് തിരിച്ചറിയുക.
കേരളത്തിലെ 90 ശതമാനം മുസ്ലിംകളും കേരളത്തിലെ ഏതൊരു വ്യക്തിയെയും പോലെ സമാധാനപരമായി ജീവിക്കുന്നവരാണ്. സ്നേഹവും സാഹോദര്യവും മതേതരത്വവും എല്ലാമുള്ളവര്‍. എന്നാല്‍ ബാക്കി വരുന്ന പത്തു ശതമാനം കേരളസമൂഹത്തില്‍ വിതച്ച കാറ്റ് കൊടുങ്കാറ്റായി മാറുന്നതാണ് ഇന്ന് കാണുന്നത്. ”നിച്ച് ഓഫ് ട്രൂത്ത്” എന്ന സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ കേരളത്തില്‍ അരങ്ങേറിയ മതസംവാദങ്ങള്‍ കേരളസമൂഹത്തില്‍ വരുത്തിവച്ച വേര്‍തിരിവ് ഭയാനകമായിരുന്നു. സംവാദത്തില്‍ പരാജയപ്പെട്ട് എല്ലാവരും മൂലയ്ക്ക് ഒതുങ്ങിയപ്പോള്‍ കുറേപ്പേരെങ്കിലും വിശ്വാസസംരക്ഷകരായി മുന്നോട്ടു വരികയും ഇസ്ലാമതത്തെക്കുറിച്ചു പഠിക്കുകയും അതിന്റെ ദൈവശാസ്ത്രപരവും താത്വികവുമായ പരാമര്‍ശങ്ങളിലെ പൊരുത്തക്കേടുകള്‍ തിരിച്ചറിഞ്ഞ് തിരിച്ച് ചോദ്യങ്ങള്‍ ചോദിക്കാനും തയാറായി. ഈ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ ഇരവാദം മുഴക്കുന്നവര്‍ ഇന്ന് വരുത്തിത്തീര്‍ക്കുന്ന ഇല്ലാക്കഥകളല്ലേ ഫാ തേലക്കാട്ടില്‍, അങ്ങ് വിശ്വസിക്കുന്നത്?
“അപരനെ നിശ്ശബ്ദനാക്കുന്നതാണ് ഏറ്റവും വലിയ അധാര്‍മ്മികത” എന്ന് അങ്ങ് അഭിമുഖത്തില്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഒരുപക്ഷം മാത്രം സംസാരിക്കുന്നത് ധാര്‍മ്മികതയും മറുപക്ഷം സംസാരിക്കുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുമ്പോള്‍ അത് അധാര്‍മ്മികതയും ആകുന്നതിന്റെ സൂത്രവാക്യം അങ്ങ് കേരള ക്രൈസ്തവസമൂഹത്തെ ബോധ്യപ്പെടുത്തണം. പൊളിറ്റിക്കല്‍ ഇസ്ലാം കുഴിച്ചിട്ടിരിക്കുന്ന ആനക്കുഴികളില് വീണുപോയവന്റെ ദീനരോദനമാണ് ഇപ്പോള്‍ അങ്ങയില്‍ നിന്ന് ഉയരുന്നത് എന്ന് പറഞ്ഞാല്‍ അങ്ങയുടെ ഏതാനും ശിങ്കിടികള്‍ കൊട്ടുംകുരവയുമായി വരുമായിരിക്കും, എന്നാല്‍ അതില്‍ പരിഭവമില്ല.
അപ്പൊസ്തൊലിക പിന്തുടര്ച്ചയുടെ ഭാഗമായുള്ള കൈവയ്പ്പു ലഭിച്ച ഒരു വ്യക്തി എന്ന നിലയില്‍ ക്രിസ്തുവിന്റെ മൗതിക ശരീരമായ സഭയോടുള്ള കടമ അങ്ങ് വിസ്മരിക്കരുത്. പൗലോസ് തിമോത്തേയോസിനോട് ഈ കാര്യം ഓര്‍മിപ്പിക്കുന്നു. “നിന്നെ ഭരമേല്‍പ്പിച്ചിട്ടുള്ളതു നീ കാത്തുസുക്ഷിക്കുക. അധാര്‍മ്മികമായ വ്യര്‍ത്ഥഭാഷണത്തില്‍നിന്നും വിജ്ഞാനഭാസത്തിന്റെ വൈരുദ്ധ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുക. ഇവയെ അംഗികരിക്കുകമൂലം ചിലര്‍ വിശ്വാസത്തില്‍നിന്നു തീര്‍ത്തും അകന്നു പോയിട്ടുണ്ട്. ദൈവത്തിന്റെ കൃപ നിന്നോടു കൂടെ ഉണ്ടായിരിക്കട്ടെ” (1 തിമോത്തി 6:20). അധാര്‍മികമായ വ്യര്‍ത്ഥഭാഷണത്തില്‍നിന്നും വിജ്ഞാനാഭാസത്തിന്റെ വൈരുദ്ധ്യങ്ങളില്‍നിന്നും ഒഴിഞ്ഞിരിക്കാന്‍ സര്വ്വശക്തന് അങ്ങയെ സഹായിക്കട്ടെ. മാലാഖാമാര്‍പോലും സൂക്ഷിച്ചു നോക്കുവാന്‍ വാഞ്ജിക്കുന്ന പരിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ ദൈവത്തിന്റെ കരുണമൂലം യോഗ്യനായിത്തീര്ന്ന വ്യക്തിയാണ് അങ്ങ് എന്നത് മറക്കാതിരിക്കുക.